കർണാടകയിൽ രണ്ടാം ഘട്ട പോളിങ് ദിനമായതോടെ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ പ്രവചിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികള്‍. രണ്ടു ഘട്ടങ്ങളിലായി 14 വീതം മണ്ഡലങ്ങളിലായാണ് പോളിംഗ് നടന്നത്. പോളിംഗിന് മുമ്പായി വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ സർവ്വേകൾ ബിജെപി-ദൾ സഖ്യത്തിന് വൻ ഭൂരിപക്ഷം പ്രവചിക്കുകയുണ്ടായി. പക്ഷെ, കർണാടകയിലെ ഒരു സ്വതന്ത്ര ഏജൻസിയായ ഈ ദിന.കോം നടത്തിയ സർവ്വേ കോൺഗ്രസിന് അഭൂതപൂർവ്വമായ വിജയം പ്രവചിച്ചിരിക്കുകയാണ്. 28 ൽ 20 സീറ്റുകൾ വരെ കോൺഗ്രസ് അനായസേന നേടുമെന്നാണ് പോർട്ടൽ പ്രവചിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങിയിരുന്നു.
ഇവരെ സംശയിക്കേണ്ട കാര്യമില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഈ- ദിന.കോം നടത്തിയ പ്രവചനങ്ങൾ കണിശമായിരുന്നുവെന്ന് ഫ്രണ്ട് ലൈൻ – ഹിന്ദു ഗ്രൂപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ വിക്കർ അഹമ്മദ് സയ്യിദ് സാക്ഷ്യപ്പെടുത്തുന്നു. കോൺഗ്രസ് 135 സീറ്റു നേടുമെന്നായിരുന്നു പ്രവചനം. റിസൾട്ട് വന്നപ്പോൾ കോൺഗ്രയ് 136 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തു.
ചരിത്രപരമായ ഒരു അട്ടമറി ഇത്തവണ വോട്ടിംഗ് പാറ്റേണിൽ ഉണ്ടാകുമെന്ന് ഈ-ദിന.കോം റിസർച്ച് ഹെഡ്ഡ് എച്ച.വി വാസു പറയുന്നു. കർണാടകയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ പേർ ഇഷ്ഠപ്പെടുന്ന ദേശീയ നേതാവ് പ്രധാനമന്ത്രി മോദി തന്നെയാണ്. പക്ഷെ ഇത്തവണ കോൺഗ്രസ് പാർട്ടിക്കാണ് വോട്ടർമാർ വോട്ട് ചെയ്യുകയെന്നും അതിന് കാരണമായത് ഗ്യാരണ്ടികൾ വിട്ട് അതിതീവ്ര വർഗീയ പ്രചാരണത്തിലേക്ക് മോദി മാറിയതാണെന്നും വാസു വിലയിരുത്തുന്നു. പ്രജ്വൽ രേവണ്ണയുടെ വിഡിയോകളേക്കാൾ എൻഡിഎയെ തകർക്കുക വർഗീയ, ജാതീയ ധ്രുവീകരണത്തിനെതിരായ ജനവികാരമായിരിക്കുമെന്നും വാസു പറയുന്നു.