പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ട് സിപിഎം സ്ഥാനാർഥിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോർഡ് വച്ചത്.
“പാലക്കാടിന്‍റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് ബോർഡില്‍ കുറിച്ചിരിക്കുന്നത്. സിപിഎം പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് എന്നും താഴെ ചേർത്തിട്ടുണ്ട്.
അതേസമയം, ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നുമാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്. എന്തായാലും സിപിഎമ്മിന്റെ ഈ ആവേശം ട്രോളായിക്കൊണ്ടിരിക്കുകയാണ്.