HealthNews

കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടാകാം; സമ്മതിച്ച് നിർമാതാക്കൾ

ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക കോടതിയിൽ ശരിവച്ചിരിക്കുന്നത്. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ സന്ദർഭങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സമ്മതിച്ചിരിക്കുന്നത്.

കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്.

പാർശ്വഫലങ്ങള്‍ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അസ്ട്രാസെനകയുടെ കോവിഡ് മരുന്നുകള്‍ കുത്തിവയ്ക്കുന്നത് കുറച്ചുകാലം നിർത്തിവച്ചിരുന്നു. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്.

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു. സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *