മുസ്‍ലിം ലീഗിനും ചന്ദ്രികയ്ക്കും വിമർശനവുമായി സുപ്രഭാതം ദിനപത്രം. സുപ്രഭാതം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു എന്നത് പ്രതിയോഗികളുടെ പ്രചരണമെന്നാണ് സുപ്രഭാതം മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനം.

സുപ്രഭാതം പത്രത്തില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പരസ്യം നല്‍കാമെന്ന് തീരുമാനിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നില്ലെന്നും പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യം വെച്ച് കൊണ്ട് കൂടിയായിരുന്നുവെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. 

‘കേരളത്തിലെ പ്രധാന മുന്നണികളായ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പരസ്യം നല്‍കാമെന്ന് തീരുമാനിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നില്ല. പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യം വെച്ച് കൊണ്ട് കൂടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷവും ഇരുവിഭാഗത്തിന്റെയും പരസ്യം സുപ്രഭാതം നല്‍കി പോന്നിട്ടുണ്ട്. ഇപ്രാവശ്യം എല്‍ ഡി എഫിന്റെ ആദ്യ പരസ്യം ബുക്ക് ചെയ്തപ്പോള്‍ തന്നെ അക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. തൊട്ട് പിറ്റേ ദിവസം അവര്‍ പരസ്യം നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. തലേദിവസം പോലും പരസ്യം ഉണ്ടെന്ന് ഉത്തരവാദപ്പെട്ടവര്‍ വിളിച്ചറിയിച്ചിരുന്നു. പക്ഷെ, പരസ്യം തന്നില്ല. പിന്നീട്, തെരഞ്ഞെടുപ്പ് ദിവസം യുഡി എഫിന്റെ  ജാക്കറ്റ് പരസ്യമുണ്ടെന്ന് പറഞ്ഞു. സ്ഥലംബുക്ക് ചെയ്തു. പക്ഷെ, അന്നും പത്രത്തിനു പരസ്യം കിട്ടിയില്ല. അതേസമയം കോണ്‍ഗ്രസ് ധാരാളം പരസ്യം തന്നിരുന്നു. അത് നന്ദിപൂവ്വം അനുസ്മരിക്കുന്നു’.

ജമാഅത്തെ ഇസ്‌ലാമി മാധ്യമം തുടങ്ങി. എ. പി വിഭാഗത്തിന് സിറാജ് ദിന പത്രമുണ്ട്. മുജാഹിദുകള്‍ വര്‍ത്തമാനം ദിന പത്രം  തുടങ്ങി. എസ് ഡി പി ഐ ക്കാര്‍ തേജസ് പത്രം തുടങ്ങി. ആര്‍ക്കും പരാതിയില്ല, പരിഭവം ഇല്ല. യാതൊരു എതിര്‍പ്പുകളും ഇല്ല. സമസ്ത ചന്ദ്രിക ദിന പത്രത്തെ തന്നെ ആശ്രയിച്ചു പോന്നു. പില്‍ക്കാലത്തു മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ വന്ന ചില മാറ്റങ്ങളെ തുടര്‍ന്നു സമസ്തയുടെ സുപ്രധാനമായ ചില വാര്‍ത്തകള്‍ ചന്ദ്രികയില്‍ വെളിച്ചം കാണാതെയായി. അന്വേഷിച്ചു. ‘അവര്‍ക്കെതിരായ വാര്‍ത്തകള്‍ കൊടുക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശമുണ്ട്’ എന്ന് പറഞ്ഞു എഡിറ്റര്‍ കൈമലര്‍ത്തി. എന്നാല്‍ പരസ്യം നല്‍കാമെന്നു വെച്ചു. പക്ഷെ, പരസ്യത്തിലെ വാചകങ്ങള്‍ക്കും നിയന്ത്രണം ഉണ്ടെന്നു വന്നപ്പോള്‍ ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു.

കേരളത്തിലെ മാഹാ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ പ്രതിയോഗികള്‍ക്കെല്ലാം പത്രം. അവര്‍ക്ക് എന്തും എങ്ങിനെയും തെറ്റിദ്ധരിപ്പിക്കാം. നിജസ്ഥിതി വ്യക്തമാക്കാന്‍ സമസ്തക്ക് വഴിയില്ല. തുടര്‍ന്നു സമസ്ത മുസ്ലീം ലീഗ് നേതൃത്വത്തെ സമീപിച്ചു. ചന്ദ്രികയിലെ ഒരു പേജ് സമസ്തയുടെ വാര്‍ത്തകള്‍ക്ക് തടസ്സമില്ലാത്ത വിധം പ്രസിദ്ധീകരിക്കണം. ഇതിന് ആവശ്യമായ കാഷ് എത്രയാണെങ്കിലും നല്‍കാം. പാണക്കാട് വെച്ച് ചന്ദ്രിക ജീവനക്കാരും സമസ്ത പ്രതിനിധകളും ചര്‍ച്ച നടന്നു. സമസ്തയുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് തീരുമാനിച്ചു.

ഇനി സമസ്ത എന്തു ചെയ്യണം…? അത് ചെയ്തു. സുപ്രഭാതം പത്രം തുടങ്ങി. പത്രം എങ്ങിനെ നടത്തണമെന്ന ചര്‍ച്ച വന്നു. രണ്ടു രീതിയിലാണിവിടെ പത്രം നടന്നു വരുന്നത്. ഒന്ന് സംഘടനാ പത്രം. സ്വന്തം വാര്‍ത്തകള്‍ക്ക് വലിയ കവറേജ് നല്‍കുക. പ്രതിയോഗികളുടെ വാര്‍ത്തകള്‍ തമസ്‌കരിക്കുക. ചന്ദ്രിക, ദേശാഭിമാനി പത്രങ്ങള്‍ പോലെ. പൊതുമുഖം നല്‍കി പത്രം പ്രസിദ്ധീകരിക്കുക എന്നതാണ് രണ്ടാമത്തെ രീതി. മാതൃഭൂമി, മനോരമ, മാധ്യമം പോലെ. രണ്ടാമത്തെ രീതി സ്വീകരിക്കലാണ് കരണീയമെന്ന് നേതൃത്വം തീരുമനിച്ചു. പത്രത്തിന്റെ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് ഈ നയം സ്വീകരിച്ചത്. പത്രത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പോലും കേരളത്തിലെ പ്രമുഖ ഇടതു പാര്‍ട്ടിയുടെ പ്രതിനിധിയായ കോടിയേരി ബാല കൃഷ്ണന്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നു.

തുടക്കം മുതല്‍ ഇക്കാലമത്രയും ഈ പൊതു സ്വഭാവം പത്രത്തിന്റെ വാര്‍ത്തകളിലും ലേഖനങ്ങളിലും പരിപാടികളിലും പരസ്യങ്ങളിലുമെല്ലാം ഉണ്ടായിരുന്നു. അതിന്റെ ഗുണഫലം മുസ്ലിം സമുദായത്തിനും സമസ്തക്കും ഉണ്ടായിട്ടുണ്ട്. ഇതിലൊന്നും ഉത്തരവാദപ്പെട്ട ഒരാളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

പത്ര നടത്തിപ്പിന്റെ വരവു ചെലവുകളെ കുറിച്ച് പറയാം. ഒരു പത്രം വിറ്റാല്‍ കമ്മീഷന്‍ കഴിച്ചാല്‍ 6 രൂപയാണ് ഓഫീസില്‍ ലഭിക്കുക. ചിലവാകട്ടെ 20 രൂപയും. ഭീമമായ ഈ കുറവ് നികത്തുന്നത് പ്രധാനമായും പരസ്യങ്ങളിലൂടെയാണ്. നമുക്കാകട്ടെ സിനിമ പരസ്യം പറ്റില്ല. പലിശയുടെ പരസ്യമോ ആഭാസകരമായ സ്ത്രീകളുടെ ചിത്രങ്ങളടങ്ങിയ പരസ്യമോ ഒന്നും പാടില്ല. ഇസ്‌ലാം വിലക്കിയ മറ്റു കാര്യങ്ങളുടെ പരസ്യവും പറ്റില്ല. ഈ പോളിസിയെ തുടര്‍ന്നു ജ്വല്ലറികളുടെയും ടെക്‌സ്‌റ്റൈല്‍സുകളുടെയും ബാങ്കുകളുടെയും എത്രയെത്ര പരസ്യങ്ങളാണ് ഇതിനകം സുപ്രഭാതം വളരെ കണിശമായി തന്നെ നിരാകരിച്ചത്.

കേരളത്തിലെ പ്രധാന മുന്നണികളായ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പരസ്യം നല്‍കാമെന്ന് തീരുമാനിച്ചത് പണത്തിന് വേണ്ടി മാത്രമായിരുന്നില്ല. പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യം വെച്ച് കൊണ്ട് കൂടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷവും ഇരുവിഭാഗത്തിന്റെയും പരസ്യം സുപ്രഭാതം നല്‍കി പോന്നിട്ടുണ്ട്. ഇപ്രാവശ്യം എല്‍ ഡി എഫിന്റെ ആദ്യ പരസ്യം ബുക്ക് ചെയ്തപ്പോള്‍ തന്നെ അക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. തൊട്ട് പിറ്റേ ദിവസം അവര്‍ പരസ്യം നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. തലേദിവസം പോലും പരസ്യം ഉണ്ടെന്ന് ഉത്തരവാദപ്പെട്ടവര്‍ വിളിച്ചറിയിച്ചിരുന്നു. പക്ഷെ, പരസ്യം തന്നില്ല. പിന്നീട്, തെരഞ്ഞെടുപ്പ് ദിവസം യുഡി എഫിന്റെ  ജാക്കറ്റ് പരസ്യമുണ്ടെന്ന് പറഞ്ഞു. സ്ഥലംബുക്ക് ചെയ്തു. പക്ഷെ, അന്നും പത്രത്തിനു പരസ്യം കിട്ടിയില്ല. അതേസമയം കോണ്‍ഗ്രസ് ധാരാളം പരസ്യം തന്നിരുന്നു. അത് നന്ദിപൂവ്വം അനുസ്മരിക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം എല്‍ഡിഎഫിന്റെ പരസ്യത്തിന്റെ കൂടെ യുഡിഎഫിന്റെ പരസ്യവും ഉണ്ടാകാറുണ്ടായിരുന്നു ഇപ്രാവശ്യം അതുണ്ടായില്ല. നമ്മുടെ ആളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാന്‍ അതാണ് പ്രധാനകാരണം.
ഇനി യു ഡി എഫിന്റെ പരസ്യം മാത്രമേ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കാവു എന്ന് തീരുമാനിച്ചുവെന്ന് സങ്കല്‍പിക്കുക. മുസ്ലിം ലീഗ് യു ഡി എഫിലാകുമ്പോള്‍ ശരി. പക്ഷെ, ഒരുനാള്‍ ലീഗ് മുന്നണി വിട്ട് എല്‍ഡിഎഫില്‍ പോയാലോ…? തുടര്‍ന്ന് എല്‍ ഡിഎഫിന്റെ പരസ്യം മാത്രമേ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കൂ എന്ന് മാറ്റി തീരുമാനിക്കുകയോ…? രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും പോലെ സമസ്തക്ക് അതിന്റെ നിലപാടില്‍ ഇടക്കിടെ മാറ്റം വരുത്താനൊക്കുമോ…? ഇപ്രാവശ്യം ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐ യുടെയും പിന്തുണ യു ഡി ഫിനുണ്ടായിരുന്നു. എന്ന് വെച്ച് അവരെ പ്രോല്‍സാഹിപ്പിക്കാന്‍ സമസ്തക്ക് പറ്റുമോ…? അവര്‍ പരസ്യം തന്നാല്‍ സുപ്രഭാതം എങ്ങിനെ പ്രസിദ്ധീകരിക്കും…?

തമിള്‍നാട്ടിലെ നീലഗിരി ജില്ലയില്‍ സുപ്രഭാതത്തിന് ധാരാളം വരിക്കാരുണ്ട്. അവിടെ സിപിഎമ്മും മുസ്ലിം ലീഗും ഒരു മന്നണിയിലാണ്. സുപ്രഭാതം ആരുടെ പരസ്യമാണ് അവിടെ നല്‍കുക…? പത്രത്തിന്റെ പരിമിതികള്‍ ശ്രദ്ധയില്‍ പെടുത്താനാണ് ഇത്രയെങ്കിലും എഴുതിയത്.
സുപ്രഭാതം പത്രത്തോട് മാത്രം എന്തിനാണിത്ര അരിശം…? അത് പൂട്ടിക്കാന്‍ മലപ്പുറത്ത് ഒരു പ്രമുഖ നേതാവിന്റെ വീട്ടില്‍ രാത്രി വൈകി ഗൂഡാലോചനാ യോഗം നടന്നത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമല്ലേ പാളിപ്പോയത്..?
ചിലര്‍ പരസ്യമായി സുപ്രഭാതത്തിനെതിരെ വിഷം തുപ്പിക്കൊണ്ട് നടക്കുന്നു. ഇത് കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് കിട്ടാന്‍ പോകുന്നത്…? ഇത് കൊണ്ടൊക്കെ സുപ്രഭാതവും സമസ്തയും തകരുമോ…? മുസ്ലിംലീഗിനും സമസ്തക്കുമിടയില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചേക്കും. അത് ആരുടെ താല്‍പര്യമാണെന്ന് നാം തിരിച്ചറിയണം.

മുസ്ലിം ലീഗ് ഭരണത്തിലുണ്ടാകുമ്പോള്‍ ചന്ദ്രികക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരാനും അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും നമുക്കൊരു പത്രമുണ്ടായാല്‍ അത് നമുക്ക് നേട്ടമല്ലെ…?
സുപ്രഭാതം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്ന് പറയുന്നവരോട് ഒരു വാക്ക്. നമ്മുടെ പ്രതിയോഗികള്‍ പറയുന്നത് അപ്പടി വിശ്വസിച്ച് നാം പ്രചരിപ്പിക്കരുത്. ഇതിനകം ഇറങ്ങിയ എല്ലാ പത്രങ്ങളും ഇവിടെ ലഭ്യമാണ്. നിഷ്പക്ഷമായി കണ്ണോടിക്കുക. ഇടത്പക്ഷ സര്‍ക്കാരിനെതിരെ, മുഖ്യമന്ത്രിയുടെ നീതിനിഷേധത്തിനെതിരെ എത്രയെത്ര ലേഖനങ്ങള്‍, എഡിറ്റോറിയലുകള്‍…!
 മുസ്ലിംലീഗിന്റെ ചെന്നൈ സമ്മേളനത്തോടനുബന്ധിച്ച് 16 പേജ് പത്രമാണ് മുസ്ംലീഗിന്റെ ചരിത്രത്തെ കുറിച്ച് സുപ്രഭാതം പുറത്തിറക്കിയത്. ഇവിടെ ഏതെങ്കിലും സി പി എം സമ്മേളനത്തിന് സുപ്രഭാതം സ്‌പെഷ്യല്‍ ഇറക്കിയിട്ടുണ്ടോ…?
മറ്റൊരുകാര്യം. ചന്ദ്രിക സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും സുപ്രഭാതം വിമര്‍ശിക്കുന്നതും തമ്മിലെ അന്തരം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ…? സുപ്രഭാതത്തിന്റെ ഓരോ വിമര്‍ശനവും മാധ്യമ വാര്‍ത്തയാകുന്നു. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നു. ചന്ദ്രിക വാര്‍ത്തയോ…? വാര്‍ത്തയാകുന്നില്ല. കാരണം ചന്ദ്രികയുടെ വിമര്‍ശനത്തിന് മൂര്‍ച്ച കുറവുള്ളത് കൊണ്ടല്ല. പ്രത്യുത, പൊതുമുഖമുള്ള പത്രത്തിന്റെ പ്രത്യേകതയാണത്. പ്രത്യേകിച്ചും സമസ്തയുടെ മുഖപത്രമെന്നതും പ്രധാനമാണ്. സമസ്തയെയും മുസ്ലിംലീഗിനെയും ഭിന്നിപ്പിച്ച് നിറുത്തുകയെന്ന ശത്രുവിന്റെ ചതിക്കുഴിയില്‍ സമസ്തമുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വീഴാതെ ശ്രദ്ധിക്കുക.