ഇ.പി പുറത്തേക്ക്! പിണറായിയുടെ നിഴലാകാന്‍ കൊതിച്ച്, ഒടുവില്‍ വഴിയാധാരം ആകുന്ന ഇ.പി. ജയരാജന്‍

തോല്‍വിയുടെ ഉത്തരവാദിത്തം ഇ.പിയുടെ തലയിലാകും! കണ്‍വീനര്‍ സ്ഥാനം തെറിക്കും; പകരമെത്തുക എ. വിജയരാഘവന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് കരുത്തും കരുതലുമായിരുന്നു കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും. പിണറായിക്കുവേണ്ടി സംഘടനയെ ചലിപ്പിക്കാന്‍ കോടിയേരിയും അതിനുള്ള ഫണ്ട് കണ്ടെത്താന്‍ ഇ.പി. ജയരാജനും. ഇങ്ങനെയായിരുന്നു ഈ സംഘം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തുന്നതോടെ ഇ.പിയുടെ പ്രസക്തി കുറഞ്ഞുവരുന്ന കാഴ്ച്ചയാണ് സിപിഎം രാഷ്ട്രീയം കണ്ടത്.

ബന്ധു നിയമന വിവാദത്തില്‍ പിണറായി കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച ഇ.പിക്ക് അവിടം മുതല്‍ പിഴയ്ക്കുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് മന്ത്രിക്കസേരയിലേക്ക് തിരികെ വന്നെങ്കിലും പഴയതുപോലെ പിണറായിക്ക് പ്രിയപ്പെട്ടവനാകാന്‍ കഴിഞ്ഞില്ല.

കോടിയേരി ബാലകൃഷ്ണന്റെ ആകസ്മികമായ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് പകരക്കാരനാകാന്‍ പിണറായി തന്നെ ക്ഷണിക്കുമെന്നും ഇ.പി. പ്രതീക്ഷിച്ചു. പക്ഷേ അവിടേക്ക് വന്നത് തന്നേക്കാള്‍ ജൂനിയാറായ എം.വി. ഗോവിന്ദന്‍. ഇതോടെ ഇ.പിയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയും മറ്റ് രാഷ്ട്രീയ വഴികള്‍ തേടുകയുമായിരുന്നു ഇ.പി ചെയ്തത്. പാര്‍ട്ടിയോട് അകന്ന് നിന്ന് പ്രതിഷേധം അറിയിച്ചു. ഇത് ചര്‍ച്ചയായതോടെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം നല്‍കിയെങ്കിലും ആ പദവിയില്‍ ശോഭിക്കാന്‍ ഇ.പിക്ക് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്രനേതാക്കളുമായി ഇ.പി. ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന കാര്യം പുറത്തുവരുന്നതും അതിനുള്ള സ്ഥിരീകരണം തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി. ജയരാജന്‍ നടത്തുന്നതും. ഇതോടെ ഇദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

ലോകസഭ തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ ഇ.പി ജയരാജന്റെ തലയില്‍ കെട്ടിവച്ച് കൈ കഴുകാനായിരിക്കും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ ശ്രമം. ഇ.പിയുടെ മുന്നണി കണ്‍വീനര്‍ സ്ഥാനം തെറിക്കും. എ. വിജയരാഘവനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് മടക്കി കൊണ്ടുവരാനാണ് സാധ്യത.

ജയരാജനെതിരേ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. നേരത്തേ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഇ.പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിയെടുത്തിരുന്നു.

ഇപ്പോഴത്തെ വിഷയത്തിലും മുഖ്യമന്ത്രിയുടെ തള്ളിപ്പറയിലിനുമപ്പുറമുള്ള നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇടതുമുന്നണിയിലും ഇപിയോടുള്ള അതൃപ്തി പുകയുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

കമ്പോള മേധാവിത്വം രാഷ്ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര്‍ പന പോലെ വളരുന്നതെന്നാണ് ദല്ലാള്‍ നന്ദകുമാര്‍-ഇപി ബന്ധത്തെ ബിനോയ് വിശ്വം വിശേഷിപ്പിച്ചത്. ഇടതുപക്ഷവും വലതുപക്ഷവും ഒന്നു പോലെയാണെന്ന പ്രചാരവേല ശക്തിപ്പെടുമ്പോള്‍ അവയ്ക്കെതിരെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കാന്‍ കടപ്പെട്ടവരാണ് ഇടതുപക്ഷ നേതാക്കളെന്നും ബിനോയ് വിശ്വം പറഞ്ഞു.

തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇപി വിഷയം ചര്‍ച്ച ചെയ്യാനാണ് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ തീരുമാനം. ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെടും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണമായിരുന്നു ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നുള്ളത്. എന്നാല്‍, ഈ പ്രചാരണ കാന്പയിന് തിരിച്ചടിയായി മാറി ഇ.പിയും -ബിജെപി നേതാവ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയേറ്റാല്‍ പാര്‍ട്ടിക്കുള്ളില്‍ സിപിഎം-ബിജെപി ബന്ധമായിരിക്കും ഭരണവിരുദ്ധ വികാരത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്.

പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിക്കാന്‍ ചരടുവലി നടത്തിയാളാണ് പ്രകാശ് ജാവഡേക്കര്‍. ഇപിയുടെ ബിജെപി ബന്ധത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖര്‍ ഇ.പി. ജയരാജന്‍ ബിസിനസ് കൂട്ടുകെട്ടിനെതിരേയാണ് വി.ഡി.സതീശന്‍ രംഗത്ത് വന്നത്. ബിജെപി-സിപിഎം എന്ന് പറയുന്നതുപോലെയാണ് നിരാമയ-വൈദേകം റിസോര്‍ട്ട് എന്ന പേരുമാറ്റമെന്നും വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു.

ഇതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥികളെ പുകഴ്ത്തി ഇ.പി രംഗത്ത് വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന മത്സരം ബിജെപിയും ഇടതുമുന്നണിയും തമ്മിലാണെന്നായിരുന്നു ഇ.പിയുടെ പ്രസ്താവന. മികച്ച സ്ഥാനാര്‍ഥികളെന്ന് ബിജെപി സ്ഥാനാര്‍ഥികളെ വിശേഷിപ്പിച്ചിരുന്നു. ഇതിനെ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിര്‍ത്തിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ മുതല്‍ സിപിഎമ്മില്‍ അതൃപ്തനായി തുടങ്ങിയതാണ് ഇപി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമായതോടെ ഇപിയുടെ അതൃപ്തി പതിന്മടങ്ങായി.

എ.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ കുടുംബക്ഷേത്രത്തിലെ പരിപാടിക്ക് പോയാണ് പ്രതിഷേധിച്ചത്. നന്ദകുമാറിന്റെ അമ്മയെ പൊന്നാടയണിയിക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് തൃശൂരിലെത്തി ജനകീയപ്രതിരോധ യാത്രയില്‍ മുഖം കാണിച്ചത്. അന്ന് തന്നെയാണ് നന്ദകുമാറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നത്.

സിപിഎമ്മില്‍ നിന്നും ഇ.പി. ജയരാജന്‍ അകന്നുതുടങ്ങിയത് പിന്നില്‍ വൈദേകം റിസോര്‍ട്ടും ഒരു കാരണമായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജനെതിരേ പി. ജയരാജന്‍ സാന്പത്തിക ആരോപണം ഉന്നയിച്ചതും ഈ റിസോര്‍ട്ടിന്റെ പേരിലായിരുന്നു. വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സ്വത്ത് സന്പാദനം നടക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം.

പി. ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എഴുതി വാങ്ങുകയും അന്വേഷിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനറായിട്ടും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു പ്രചാരണ ചുമതല ഇപിക്ക് നല്കിയിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments