ആലപ്പുഴ: ആലപ്പുഴയിൽ ഇടതുമുന്നണിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ. എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ശക്തമായ പിന്തുണ ശോഭ സുരേന്ദ്രനുണ്ടെന്നതാണ് മണ്ഡലത്തില്‍ ബിജെപിക്ക് ഗുണം ചെയ്യുന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടി കൊണ്ടിരുന്ന ഈഴവ വോട്ടുകളിൽ ഭൂരിഭാഗവും അതുകൊണ്ട് തന്നെ ശോഭ സുരേന്ദ്രനിലേക്ക് ഒഴുകും. സ്വന്തമായി വോട്ട് ശേഖരിക്കാനുള്ള കഴിവും ശോഭയ്ക്കുണ്ട്. ആറ്റിങ്ങലിൽ കഴിഞ്ഞ തവണ മൽസരിച്ച ശോഭ സുരേന്ദ്രൻ 2,48,081 വോട്ട് നേടി ബി.ജെ.പി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു. തൊട്ട് മുൻപ് നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 90,528 വോട്ട് മാത്രമായിരുന്നു.

ഈഴവ വോട്ടുകളിലേക്കുള്ള ശോഭയുടെ കടന്ന് കയറ്റം ആരിഫിൻ്റെ വോട്ട് കുറയ്ക്കുമെന്ന് വ്യക്തം. ദേശീയ നേതാവ് എന്ന പ്രതിച്ഛായ ഉള്ള കെ.സി വേണുഗോപാലിൻ്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫ് ക്യാമ്പുകളെ ഊർജിതമാക്കി നിലനിർത്തുന്നുണ്ട്. എണ്ണയിട്ട യന്ത്രം പോലെ യു.ഡി.എഫ് പ്രവർത്തിക്കുമ്പോൾ കെ.സി. വേണുഗോപാലിൻ്റെ ഭൂരിപക്ഷം 1 ലക്ഷം കടക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകൾ ഒരേപോലെ സമാഹരിക്കാൻ കെ.സി വേണുഗോപാലിന് കഴിയുന്നുണ്ട്. ആരിഫ് മൂന്നാം സ്ഥാനത്ത് പോയാലും അൽഭുതപ്പെടേണ്ടതില്ലെന്നാണ് ആലപ്പുഴയിലെ ഗ്രൌണ്ട് റിയാലിറ്റി. 10,474 വോട്ടിനാണ് കഴിഞ്ഞ തവണ ആരിഫ് ജയിച്ചത്. കഴിഞ്ഞ തവണത്തെ സിപിഎമ്മിൻ്റെ കനൽ ഒരുതരിയായിരുന്നു ആരിഫ് . ഏക കനൽ തരിയുടെ അവസ്ഥ ഇത്തവണ ദയനിയം എന്നാതാണ് അവസ്ഥ.