ദുബായ്: വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവര്‍ മാത്രം എത്തിയാല്‍ മതിയെന്നാണ് അറിയിപ്പ്. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെ അവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവെക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുന്നതോ അതിലൂടെ കടന്നുപോകുന്നതോ ആയ ഇന്ത്യന്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. ദുബായിലും പരിസര പ്രദേശങ്ങളിലും വന്‍ വെള്ളപ്പൊക്കത്തിന് കാരണമായ മഴയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.
വലിയ തിരക്കുള്ളതിനാല്‍ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് എത്തിയാല്‍ മതിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടര്‍ന്ന് താളം തെറ്റിയ ദുബായ് എയര്‍പോര്‍ട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകള്‍ സാധാരണ ഗതിയിലാക്കാന്‍ ഊര്‍ജ്ജിത യത്‌നം നടക്കുകയാണ്. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്‌മെന്റില്‍ കയറിയ വെള്ളമാണ് വലിയ വെല്ലുവിളി.
ഇവിടങ്ങളില്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തിലാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും നിരവധിയാണ്. റോഡ്, മെട്രോ സര്‍വ്വീസുകള്‍ ഇന്ന് കൂടുതല്‍ സാധാരണ നിലയിലാകും. ഭക്ഷണവും മരുന്നും ഉള്‍പ്പടെ എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ യുഎഇ അധികൃതര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോള്‍, പുറപ്പെടുന്ന തീയതിയും സമയവും സംബന്ധിച്ച് അതത് എയര്‍ലൈനുകളില്‍ നിന്നുള്ള അന്തിമ സ്ഥിരീകരണത്തിന് ശേഷം മാത്രമേ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഉപദേശിച്ചതായി എംബസി അറിയിച്ചു. അന്താരാഷ്ട്ര യാത്രയില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറിനുള്ളില്‍ സാധാരണ ഷെഡ്യൂളില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.