തിരുവനന്തപുരം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് അനുകൂല ട്രെന്റെന്ന വിലയിരുത്തലുമായി മലയാളം മീഡിയ – പ്രസ് വണ്‍ ടീം ഇ-സര്‍വേ. ഓണ്‍ലൈന്‍ – ഓഫ്‌ലൈനായി മണ്ഡലത്തില്‍ നടത്തിയ ജനാഭ്രിപായ രൂപീകരണത്തിലാണ് എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യത്തിലേക്ക് മണ്ഡലം രൂപപ്പെട്ടുവെന്ന് വിലയിരുത്തുന്നത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 45.47 ശതമാനം പേര്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണെന്ന് പറയുമ്പോള്‍ യു.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുമെന്ന് കരുതുന്നവര്‍ 44.78 ശതമാനം പേരാണ്. ബിജെപിക്ക് കഴിഞ്ഞ തവണത്തേതിലും വോട്ട് കുറയുമെന്ന് കരുതുന്നത് 7.75 ശതമാനം പേരാണ്.

നിലവിലെ എം.പി മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറം മണ്ഡലത്തിലേക്ക് മാറ്റി അവിടുന്ന് എം.പി. അബ്ദുസമദ് സമദാനിയെ പൊന്നാനിയിലെത്തിച്ചാണ് മുസ്ലിംലീഗ് ഇത്തവണ മത്സരിക്കുന്നത്. മുന്‍ മുസ്ലിംലീഗ് സെക്രട്ടറി കെ.എസ്. ഹംസയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ലീഗിലെ അടിയൊഴുക്കുകളോടൊപ്പം നിലവിലെ എം.പിയുടെ പ്രവര്‍ത്തനങ്ങളിലെ അസംതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

യുവ വോട്ടര്‍മാരിലാണ് പ്രകടമായ ട്രെന്റ് വ്യതിയാനം കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ കന്നിവേട്ടര്‍മാര്‍ മുതല്‍ 55 വയസ്സുവരെയുള്ളവരില്‍ ഒരു ശതമാനത്തിലേറെ പേര്‍ ഇടതിന് അനുകൂലമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, മണ്ഡലത്തിലെ വികസനം മുഖ്യ വിഷയമാക്കുന്നത് 27 ശതമാനമാളുകളാണ്. പൗരത്വ നിയമം 18.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പ്രധാനമായും ചിന്തിക്കുമെന്ന് കരുതുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലായി 6 ശതമാനം പേരും, മറ്റുവളയാണെന്ന് 15 ശതമാനം പേരും അഭിപ്രായപ്പെട്ടു.

എം.പിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരല്ലാത്ത 52 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. റെയില്‍വേ യാത്രികരുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ എം.പി മുന്‍കൈയെടുത്തുവെന്ന് കരുതുന്നത് വെറും 43 ശതമാനമാണ്.
സിഎഎ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇടപെടലില്‍ 61 ശതമാനംപേരും അല്ല എന്ന് രേഖപ്പെടുത്തുമ്പോള്‍. വെരും 39 ശതമാനം പേരാണ് ഫലപ്രദമാണെന്ന് വിലയിരുത്തുന്നത്. പൊന്നാനിക്ക് ഒരു മാറ്റം ആവശ്യമാണെന്നും സാധ്യമാണെന്നും കരുതുന്നത് 58 ശതമാനം പേരാണ്.

എം.പിമാരുടെ പരസ്പരം വെച്ചുമാറല്‍ എന്തിനാണെന്നത് വോട്ടര്‍മാരോട് വിശദീകരിക്കാന്‍ മുസ്ലിംലീഗിന് ആകുന്നില്ലെന്നതാണ് ലീഗ് പ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മണ്ഡലത്തിലെ വികസന കാര്യത്തിലെ പിന്നോട്ടുപോക്കിനെക്കുറിച്ചും ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് അവസ്ഥ. അതേസമയം, ഇടത് സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസക്ക് അനുകൂലമായ ഘടകങ്ങളെ ആദ്യവസാനം അതേ ശക്തിയോടെ നിലനിര്‍ത്താന്‍ ഇടത് കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.