GulfKerala

ഹോട്ടലുകളിലെ എണ്ണശേഖരിച്ച് ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള ആലോചനയുമായി വി. ശിവന്‍കുട്ടി

കേരളത്തിലെ മിക്ക ഭക്ഷണശാലകളിലും ഒരുപാട് തവണ ഉപയോഗിച്ച് കീല്‍ പരുവത്തിലായ എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്നും മന്ത്രി

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി യു.എ.ഇ പര്യടനം ആരംഭിച്ചു. ദുബൈയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. നാട്ടിലെ ഹോട്ടലുകളില്‍ കീല് പോലുള്ള എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്നും ഇത് സംഭരിച്ച് ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് പഠിക്കുന്നതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ മിക്ക ഭക്ഷണശാലകളിലും ഒരുപാട് തവണ ഉപയോഗിച്ച് കീല്‍ പരുവത്തിലായ എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്നും ഇവ ശേഖരിച്ച് പുനരുപയോഗം നടത്താനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് യുഎഇയിലെ ലൂത്താ ബയോ ഫ്യൂവല്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്തരം എണ്ണ സമൂഹത്തിന്റെ ആകമാനം ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. ലൂത്താ ബയോ ഫ്യൂവല്‍സ് ഇതില്‍ നിന്ന് ഡീസല്‍ ഉത്പാദിപ്പിക്കുന്നു. നമുക്ക് ഡീസല്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവ ശേഖരിക്കാന്‍ സാധിക്കണം.

തിരുവനന്തപുരം കേന്ദ്രീകരിച്ച് ഐടി വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ഇത്തരം എണ്ണ ശേഖരിക്കാനുള്ള പദ്ധതി ആരംഭിക്കുമെന്നും ഇതിനായി ഒരു പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷനുകളുടെ സഹായത്തോടെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നെങ്കിലും എണ്ണ ശേഖരണം നടത്തും. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ത്തട്ടിപ്പ് സംബന്ധിച്ച് മലയാളികളില്‍ നിന്ന് പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് ശിവന്‍കുട്ടി അറിയിച്ചു. വിദേശങ്ങളിലെ വീസാ, ജോലി തട്ടിപ്പുകളെക്കുറിച്ച് ഒരുപാട് ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും ആളുകള്‍ തട്ടിപ്പില്‍പ്പെടുന്നു. എല്ലാവരും ഇതേക്കുറിച്ച് ജാഗ്രത പുലര്‍ത്തണം. ആളുകളുടെ സമീപനത്തില്‍ മാറ്റം വരാത്തിടത്തോളം കാലം ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാഠപുസ്തകങ്ങളില്‍ കേന്ദ്രം കൊണ്ടുവരുന്ന പുതിയ മാറ്റങ്ങള്‍ എല്ലാം തള്ളിക്കളയില്ല. ജനാധിപത്യവിരുദ്ധമെന്ന് തോന്നുന്ന കാര്യങ്ങള്‍ നിരാകരിച്ചിട്ടുണ്ട്. കേന്ദ്രം നല്‍കുന്ന ഫണ്ട് കേരളം ഉപയോഗിച്ചുവരുന്നുണ്ട്. കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനൊന്നും കേരള സര്‍ക്കാര്‍ തയ്യാറല്ല.

കേരളാ സിലബസ് ഉള്ള ഗള്‍ഫിലെ സ്‌കൂളുകളില്‍ പ്ലസ് ടു സീറ്റുകള്‍ ലഭ്യമാകുന്നില്ലെന്ന പരാതി പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിനായി ഗള്‍ഫിലെ 9 സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടേയും മാനേജര്‍മാരുടേയും യോഗം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *