തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് വേണ്ടെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കും. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് നിശ്കര്‍ശിച്ചുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് മലയാളം മീഡിയ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് സമൂഹത്തില്‍ ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തു. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് വരുംദിവസങ്ങളില്‍ തന്നെ പുറത്തിറങ്ങുമെന്നാണ് സെക്രട്ടേറിയറ്റ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ഈ വിഷയം രാഷ്ട്രിയ ആയുധമാക്കുമെന്ന ഭയവും പുനര്‍ചിന്തക്ക് വേഗം കൂട്ടിയെന്ന് കരുതുന്നു.
കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതുകൊണ്ട് മാത്രം വിതരണം ചെയ്യുന്നതാണെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സ്റ്റാറ്റിയൂട്ടറി, ലീഗല്‍ പ്രൊവിഷനായിട്ടാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കപ്പെടുന്നത് എന്നതുകൊണ്ട് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍ 2021 പ്രകാരമുള്ള ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമാക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ പൊതുവിഭ്യാഭ്യാസ ഡയറക്ടറെ അറിയിച്ചത്. ഇതാണ് വിവാദമായതോടെ പിന്‍വലിക്കാനൊരുങ്ങുന്നത്.
വിവാദം ഭയന്നെങ്കിലും ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയൊരു ആശങ്കയാണ് അകലുന്നത്. എങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാനും അതിന് പ്രേരിപ്പിച്ചവരെയും കുറിച്ച് കരുതലുണ്ടാകേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
ഉത്തരവ് പിൻവലിക്കാൻ കാരണമായ മലയാളം മീഡിയ ലൈവ് പ്രസിദ്ധീകരിച്ച വാർത്തകള്‍ ചുവടെ: