തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന വിവാദ ഉത്തരവിറക്കി വി. ശിവന്‍കുട്ടി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും നിയമം അനുശാസിക്കുന്നതുകൊണ്ട് മാത്രം വിതരണം ചെയ്യുന്നതാണെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സ്റ്റാറ്റിയൂട്ടറി, ലീഗല്‍ പ്രൊവിഷനായിട്ടാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കപ്പെടുന്നത് എന്നതുകൊണ്ട് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്‌സ് റെഗുലേഷന്‍ 2021 പ്രകാരമുള്ള ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമാക്കേണ്ടെന്ന് സര്‍ക്കാര്‍ പൊതുവിഭ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നയം വ്യവസായമല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യത്തിന് എന്ത് സുരക്ഷയെന്ന ചോദ്യമാണ് ഉയരുന്നത്. മാനദണ്ഡം പാലിക്കാതെ ആഹാരം വിതരണം ചെയ്ത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുന്ന സാഹചര്യം പോലും ഇങ്ങനൊരു തീരുമാനത്തിലൂടെ സംഭവിച്ചേക്കാം എന്ന ആശങ്കയ്ക്ക് സര്‍ക്കാര്‍ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
കേന്ദ്രഭക്ഷ്യസുരക്ഷ നിയമം പാലിക്കേണ്ട സംസ്ഥാന സര്‍ക്കാരാണ് ഇങ്ങനൊരു വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ഒരു ശിക്ഷ കൂട്ടുകയാ കുറയ്ക്കുകയോ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. വഴിയോര കച്ചവടക്കാരേയും, അന്നന്ന് നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വില്‍ക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസന്‍സ് വേണ്ടെന്ന വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭരണാനുകൂല അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദമാണ് ശിവന്‍കുട്ടിയുടെ വിചിത്ര തീരുമാനത്തിന് പിന്നിലെന്നാണ് ഭരണസിരാ കേന്ദ്രത്തില്‍ നിന്നുള്ള സൂചനകള്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരിക്കുന്നത് എന്നതാണ് വിരോധാഭാസം.
വെങ്ങാനൂര്‍ ഉച്ചക്കട എല്‍.എം.എല്‍.പി സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് 2022 ജൂണിലാണ്. 2019 ജൂണില്‍ കോഴിക്കോട് കീഴ്പ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌ക്കൂളിലെ 14 കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. 2024 മാര്‍ച്ച് 2ന് നെയ്യാറ്റിന്‍കര തത്തിയൂര്‍ പി.വി.യു.പി.എസില്‍ ഉച്ചഭക്ഷണം കഴിച്ച 27 വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തിലെ ചോറ് വേവാതെ നല്‍കിയതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.
കായംകുളം ടൗണ്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഇരുപതോളം കുട്ടികള്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിരുന്നു. സ്‌കൂളില്‍ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. സ്‌കൂളില്‍ നിന്ന് സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്.
ഭക്ഷ്യവിഷബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളാണ് തലസ്ഥാനത്തെ ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍. 29-7-16, 5-8-17, 18-6-18 എന്നി തീയതികളില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളാണ് ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍. 2018 ല്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ച 58 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഓരോ സംഭവങ്ങളും നടക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടും. അത്ര തന്നെ. സ്‌ക്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങളാണ് ഓരോ വര്‍ഷവും ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാവപ്പെട്ട കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. പാവപ്പെട്ട കുട്ടികളുടെ ജീവിതം വച്ച് പന്താടുകയാണ് ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് വേണ്ടെന്ന ശിവന്‍കുട്ടിയുടെ തീരുമാനം എന്ന് വ്യക്തം. ആറ്റുകാല്‍ പൊങ്കാലക്ക് വഴിയോരങ്ങളില്‍ ദാഹജലം കൊടുക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധപൂര്‍വ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതു വഴി ലക്ഷകണക്കിന് ഖജനാവിലേക്ക് പിരിക്കുന്നുമുണ്ട് അപ്പോഴും സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടെന്ന നിലപാടിലാണ് പിണറായി സര്‍ക്കാര്‍.