മനുഷ്യചരിത്രത്തിലെ ഏറ്റവും കഠിനായ മയക്കുമരുന്ന് ദുരന്തത്തിലൂടെയാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍ കടന്നുപോകുന്നത്. മനുഷ്യന്റെ എല്ലുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന വളരെ മാരകമായ മയക്കുമരുന്നാണ് ഈ രാജ്യത്ത് വ്യാപകമായിരിക്കുന്നത്. ഇത് നിര്‍മ്മിക്കുന്നതിന് ശവകുടീരങ്ങളും ശവക്കല്ലറകളും തകര്‍ത്ത് ജഡങ്ങളും അസ്തികൂടങ്ങളും മോഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്്.

ശവക്കുഴികളിലെ മോഷണവും ലഹരിക്ക് അടിമപ്പെടുന്നവരുടെ മരണവും വര്‍ദ്ധിച്ചതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സിയറ ലിയോണ്‍. ബിബിസിയാണ് ഈ ആഫ്രിക്കന്‍ രാജ്യത്തെ ലഹരിമരുന്ന് ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കുഷ് എന്ന് അറിയപ്പെടുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് ഒരു രാജ്യത്തിന് ഭീഷണിയായിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ സിനിമകളില്‍ കാണുന്ന സോംബികളെപ്പോലെ പെരുമാറാറുണ്ട്. ‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്ന്, പലതരം വിഷപദാര്‍ത്ഥങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതിന്റെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥിയാണ്.

ആറ് വര്‍ഷം മുമ്പ് പശ്ചിമാഫ്രിക്കന്‍ രാജ്യത്താണ് മയക്കുമരുന്ന് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് ഉപയോഗിച്ചുകഴിഞ്ഞാല്‍ മാനസിക വിഭ്രാന്തിയും ഹിപ്‌നോട്ടിസം ബാധിച്ചതുപോലെയുമാണ് മനുഷ്യന്‍ പെരുമാറുന്നത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ലഹരിയാണ് ഇതില്‍ നിന്ന് ഉണ്ടാകുന്നത്. ഇതിന് വളരെ പ്രചാരം ലഭിച്ചതോടെ മയക്കുമരുന്ന് നിര്‍മ്മിക്കാന്‍ ഡീലര്‍മാര്‍ ആയിരക്കണക്കിന് ശവകുടീരങ്ങളാണ് ഈ രാജ്യത്ത് തകര്‍ത്തിരിക്കുന്നത്.

കുഷ് ലഹരിക്ക് അടിമപ്പെട്ടവർ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കിടെ.

‘മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം, പ്രത്യേകിച്ച് വിനാശകരമായ കുഷ് എന്ന സിന്തറ്റിക് മയക്കുമരുന്നിന്റെ വിനാശകരമായ ആഘാതം കാരണം നമ്മുടെ രാജ്യം നിലവില്‍ അസ്തിത്വ ഭീഷണി നേരിടുന്നുവെന്ന് സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ വെളിപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ച് മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും. മയക്കുമരുന്ന് നിര്‍മാര്‍ജനത്തിനായി ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ

ജില്ലകള്‍ തോറും മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനും കൗണ്‍സിലിംഗ് നടത്തുന്നതിനും വിദഗ്ധരുടെ കേന്ദ്രങ്ങള്‍ ആരംഭിച്ചതായാണ് ജൂലിയസ് മാഡ പറയുന്നത്. കൂടാതെ, ‘അന്വേഷണങ്ങള്‍, അറസ്റ്റുകള്‍, പ്രോസിക്യൂഷന്‍’ എന്നിവയിലൂടെ മയക്കുമരുന്ന് വിതരണ ശൃംഖല തകര്‍ക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍, ഫ്രീടൗണിലാണ് രാജ്യത്തെ ഏക മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 100 കിടക്കകളുള്ള സൗകര്യം ഈ വര്‍ഷം ആദ്യം ഒരു സൈനിക പരിശീലന കേന്ദ്രത്തില്‍ തിടുക്കത്തില്‍ സ്ഥാപിച്ചു. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ വിദഗ്ധര്‍ ഇതിനെ ‘പുനരധിവാസത്തേക്കാള്‍ കൂടുതല്‍ ഹോള്‍ഡിംഗ് സെന്റര്‍’ എന്ന് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.