തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കുത്തൊഴുക്കും ലോക്സഭാ തെരഞ്ഞെടുപ്പും ആണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം . ആക്കൂട്ടത്തിൽ അനിൽ കെ ആന്റണി എൻഡിഎ സ്ഥാനാർത്ഥി എന്നതിനാൽ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരാളാണ്. ഇപ്പോൾ മകന്റെ ഈ കൂറ് മാറ്റവിഷയത്തിൽ വീണ്ടും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് പ്രവർക്കരനായ എകെ ആന്റണി.
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആൻറണി പറഞ്ഞു. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല.
താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആൻറോ ആൻറണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സുവർണകാലം കഴിഞ്ഞു. സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്താണ് , അത് കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല.ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്.തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. ഡു ഓർ ഡൈ. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം.ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.