Indelible Ink: കേരളത്തിനുള്ള നീല മഷി എത്തി; ചെലവ് 1.29 കോടി; മഷിക്കാര്യം അറിയാം!

കേരളത്തില്‍ ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി മുന്നോട്ടുപോകുകയാണ്. വോട്ടര്‍മാരുടെ ചുണ്ട് വിരലില്‍ ഇടാനുള്ള മഷി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തിക്കഴിഞ്ഞു. 63,000 ചെറിയ ബോട്ടിലുകളാണ് എത്തിയത്. 1,29,54,040 രൂപയാണ് വില. മഷിക്ക് ചെലവായ തുക മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍നിഷ് ലിമിറ്റഡിന് മാര്‍ച്ച് 28ന് അനുവദിച്ചിരുന്നു.

20 മില്ലി ലിറ്ററിന്റെ ചെറിയ കുപ്പികളിലാണ് സാധാരണ പോളിങ് സ്റ്റേഷനുകളില്‍ മഷിയെത്തുന്നത്. ഒരു ബൂത്തില്‍ ഒരു കുപ്പി മതിയാകുമെങ്കിലും കരുതല്‍ എന്ന നിലയില്‍ രണ്ടു കുപ്പികള്‍ വീതം നല്‍കാറുണ്ട്. ജനാധിപത്യത്തിന്റെ പവിത്രത കാക്കുന്ന കാര്യത്തില്‍ മായ്ക്കപ്പെടാത്ത മഷി എന്നര്‍ഥമുള്ള ഇന്‍ഡലിബിള്‍ ഇങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. അറിയാം തെരഞ്ഞെടുപ്പ് മഷിക്കാര്യം..

മായ്ക്കപ്പെടാത്ത മഷി അഥവാ ഇൻഡെലിബൽ ഇങ്ക്

രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളില്‍ പലതും മാറിയെങ്കിലും മാറ്റവുമില്ലാതെ തുടരുന്ന ഒരേയൊരു കാര്യമേയുള്ളൂ, അതാണ് മഷിയടയാളം. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ വോട്ടറുടെ വിരലില്‍ പുരട്ടുന്ന മഷിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. പോളിങ് ബൂത്തില്‍ സെക്കന്‍ഡ് പോളിങ് ഓഫിസറാണ് വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ മഷിയടയാളം പുരട്ടുന്നത് നല്‍കുന്നത്. ഒറ്റ സെക്കന്‍ഡിനുള്ളില്‍ ഉണങ്ങുന്ന മഷി 20 ദിവസം വരെ മായ്ക്കാന്‍ സാധിക്കില്ല.

മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍നിഷ് ലിമിറ്റഡ്

ഇന്ത്യ കൂടാതെ അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ലബനോന്‍, ഇറാക്ക് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളിലാണ് ഇലക്ഷന്‍ മഷി ഉപയോഗിക്കുന്നത്. കര്‍ണാടക സര്‍ക്കാറിന്റെ മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍നിഷ് ലിമിറ്റഡിനാണ് ഇത് നിര്‍മിക്കാനുള്ള ലൈസന്‍സ് ഉള്ളത്. ഈ മഷി നിര്‍മ്മിക്കാന്‍ അധികാരമുള്ള രാജ്യത്തെ ഏക സ്ഥാപനമാണിത്. ഇത്തവണ ഈ കമ്പനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് റെക്കോര്‍ഡ് ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്.

10 മില്ലി വീതമുള്ള 27 ലക്ഷം ചെറിയ കുപ്പികളില്‍ മഷി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ആവശ്യമാണ്. 700 പേര്‍ക്ക് ഒരു കുപ്പി മഷി മതി. 174 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ വില. മഷി എത്തിക്കാനുള്ള ചെലവുള്‍പ്പെടെ മൊത്തം 50 കോടി രൂപയാണ് കമ്പനിക്ക് ലഭിക്കുന്നത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വേണ്ട മഷി മുഴുവന്‍ മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനിയില്‍ തയാറായി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ മഷി വേണ്ടത് ഉത്തര്‍പ്രദേശിലേക്കും കുറവ് ലക്ഷദ്വീപിലേക്കുമാണ്. 1962 മുതല്‍ രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി മഷി തയാറാക്കുന്ന മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് കമ്പനിക്ക് ഇപ്പോള്‍ വിദേശത്തേയ്ക് കയറ്റുമതിയും ഉണ്ട്

മഷിയിലെ ഘടകങ്ങള്‍

സില്‍വര്‍ നൈട്രേറ്റ് കൊണ്ടാണ് ഈ മഷി ഉണ്ടാക്കുന്നത്. സില്‍വര്‍ നൈട്രേറ്റ് 10%, 14% അല്ലെങ്കില്‍ 18%, വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രാവകം കയ്യില്‍ പുരട്ടിയാല്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുതല്‍ രണ്ടാഴ്ച വരെ, കയ്യില്‍ കറ ആയി നില്‍ക്കും. മൂന്നാം ലോക്‌സഭാ ഇലക്ഷന്‍ മുതലാണ് സില്‍വര്‍ നൈട്രേറ്റ് ലായനി ആയി ഉപയോഗിക്കാന്‍ തുടങ്ങിയത്. (the chemical used in indelible ink election ink)

തൊലി കറുക്കുന്നത്?

ഇത് കയ്യില്‍ ഒഴിച്ചാല്‍ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്റെ (അല്ലെങ്കില്‍ കൃത്രിമമായ വെളിച്ചത്തിന്റെ) സാന്നിദ്ധ്യത്തിലേ ഇത് കറുത്ത നിറമായി മാറൂ. കയ്യില്‍ പുരട്ടിയാല്‍ ഉടനെ സില്‍വര്‍ നൈട്രേറ്റ് പുറംതൊലിയില്‍ വ്യാപിക്കും. ഇത് നമ്മളുടെ ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളില്‍ നിന്ന് വരുന്ന ക്ലോറിനുമായി സില്‍വര്‍ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തില്‍ മെറ്റാലിക് സില്‍വറിന്റെ പാര്‍ട്ടിക്കിള്‍സ് ആയി തൊലിപ്പുറമേ ഇരുന്ന് ഓക്‌സിഡൈസ് ആയി സില്‍വര്‍ ഓക്‌സൈഡ് ആകും. ഇതാണ് ടാറ്റൂ പോലെ തൊലിയില്‍ ഒട്ടിയിരിക്കുന്നത്. പല ടാറ്റൂ ഇങ്കുകളും ഹെവി മെറ്റല്‍ ഓക്‌സൈഡുകള്‍ കൊണ്ടാണ് ഉണ്ടാക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments