കോഴിക്കോട്: കേരളത്തില്‍ എപ്രില്‍ 26ന് വെള്ളിയാഴ്ച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതിനോട് മുസ്ലിം മത സംഘടനകളും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, അന്നേദിവസം ഇസ്ലാംമത വിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനകളിലൊന്നായ വെള്ളിയാഴ്ച്ച ഉച്ചക്കുള്ള ജുമാ നിസ്‌കാരം ഒഴിവാക്കേണ്ടി വന്നാലും വോട്ട് രേഖപ്പെടുത്താതിരിക്കരുതെന്നും തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കരുതെന്നും നിര്‍ദ്ദേശിക്കുകയാണ് മത പണ്ഡിതനും കേരള സമസ്ത ഇംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ എ. നജീബ് മൗലവി.
വെള്ളിയാഴ്ച്ച തന്നെ തെരഞ്ഞെടുപ്പ് നിശ്ചയിച്ച് മുസ്ലിംകളുടെ വോട്ട് ഇല്ലാതാക്കാൻ മുസ്ലിംവിരുദ്ധ ശക്തികള്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെങ്കില്‍ അത് ഒരിക്കലും മുസ്ലിംകള്‍ അനുവദിക്കരുത്. വർഗീയ ശക്തികളെ തോല്‍പ്പിക്കുന്നതിന് വേണ്ടി, മതേതര ഭരണകൂടം നിലവില്‍ വരുന്നതിന് വേണ്ടി പരമാവധി പരിശ്രമിക്കേണ്ടതാണ് ഈ തെരഞ്ഞെടുപ്പില്‍ – നജീബ് മൗലവി പറഞ്ഞു. ഒരുസമയത്ത് ഒരുകൂട്ടര് നിസ്‌കരിച്ച് പിന്നൊരു തവണയായി പിന്നൊരു ജുമുഅ നടത്താനും പറ്റുന്ന കൂട്ടരാണ് നമ്മള് മുസ്ലിമീങ്ങള്‍ അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്പാട് നജീബ് മൌലവിയുടെ വീഡിയോ കാണാം
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് അത്രമേല്‍ പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണം. അതിനായി വോട്ട് ചെയ്യലല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് വെള്ളിയാഴ്ച്ച ദിവസം മുസ്ലിം വോട്ടര്‍മാര്‍ക്കും മുസ്ലിം സമുദായത്തില്‍പെട്ട ബൂത്ത് ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. തീയതി മാറ്റാനുള്ള സാധ്യതയും വിദൂരമാണ്. ഇതോടെയാണ് മുസ്ലിം മത പണ്ഡിതന്‍ തന്നെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്.
ഇബ്നു ഉമര്‍ റളിയള്ളാഹ് അൻഹു തങ്ങള്‍ പോലും ഒരിക്കല്‍ ജുമാ നിസ്‌കാരം ഒഴിവാക്കിയ സംഭവം സൂചിപ്പിച്ചുകൊണ്ടായിരുന്നു നജീബ് മൗലവിയുടെ വിശദീകരണം. മുസ്ലിം സമുദായം ശ്രദ്ധാലുക്കളായിരിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഒരു അവസരവും സൃഷ്ടിച്ചുകൊടുക്കരുത്. മുസ്ലിംകള്‍ വോട്ട് ചെയ്യാന്‍ പള്ളിയില്‍ പോകുന്ന സമയത്ത് കള്ള വോട്ട് ചെയ്യാനോ വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടാക്കാനോ അവസരം ഉണ്ടാക്കരുത്. മുസ്ലിം വിരുദ്ധ ശക്തികളെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തലാണ് ഏറ്റവും പ്രധാനമെന്നാണ് നജീബ് മൗലവിയുടെ നിലപാട്.