
Kerala
പയ്യാമ്പലം സ്മൃതി മണ്ഡപത്തിലെ അതിക്രമം; ഒഴിച്ചത് പഴകിയ സോഫ്റ്റ് ഡ്രിങ്ക്; ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂർ ടൗൺ പോലീസാണ് ഇയാളെ പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. അതേസമയം, രാസലായനിയാണ് ഒഴിച്ചതെന്ന പ്രചാരണം ശരിയല്ലെന്നാണ് അറിയുന്നത്. കുപ്പിയിലുണ്ടായിരുന്ന പഴകിയ സോഫ്റ്റ് ഡ്രിങ്കാണ് ഒഴിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്.
ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്. വ്യാഴാഴ്ച്ച രാവിലെയോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കോടിയേരിയുടെ സ്‌തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രത്തിലും ദ്രാവകം ഒഴിച്ചിരുന്നു.