യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി വോട്ട് ചോദിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വടകരയിലെത്തും. അച്ചുഉമ്മനോട് പ്രചാരണത്തിനെത്താന്‍ ഷാഫി പറമ്പില്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും അച്ചുഉമ്മനെ രംഗത്തിറങ്ങാന്‍ ക്ഷണിച്ചിട്ടുണ്ട്.
വടകര, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി അച്ചു ഉമ്മന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഷാഫി പറമ്പില്‍, കെ. സുധാകരന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവര്‍ക്കുവേണ്ടിയായിരിക്കും അച്ചുവിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. കോട്ടയത്തെ യുവ ജനങ്ങളില്‍ അച്ചു ഉമ്മനോടുള്ള സ്‌നേഹം ഫ്രാന്‍സിസ് ജോര്‍ജ്ജിന് വലിയ മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
വടകരയിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ എത്തിയതുമുതല്‍ യുഡിഎഫ് ക്യാമ്പുകള്‍ സജീവമാണ്. സിപിഎമ്മിന്റെ കെകെ ശൈലജക്കെതിരെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. വടകരയില്‍ ഷാഫിയെ തോല്‍പ്പിക്കാന്‍ ബിജെപി സിപിഎം ധാരയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്.
അതേസമയം, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കുവേണ്ടി അച്ചു ഉമ്മൻ പ്രചാരണത്തിനിറങ്ങാന്‍ സാധ്യതയില്ല. തന്റെ ബാല്യകാല സുഹൃത്തായ അനില്‍ ആന്റണിക്കെതിരെ പ്രചാരണം നടത്താനുള്ള വിഷമമാണ് കാരണം.
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം വന്നയുടന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് ഷാഫി പറമ്പില്‍ വടകരയിലേക്ക് തിരിച്ചത്. രാഷ്ട്രീയത്തിലെ തന്റെ വഴികാട്ടിയും മാതൃകയുമാണ് ഉമ്മന്‍ചാണ്ടിയെന്ന് ആവര്‍ത്തിച്ച് വ്യക്തമാകുകയും ചെയ്യുന്നയാളാണ് ഷാഫി. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അവിടെ ക്യാമ്പ് ചെയ്ത് ചാണ്ടി ഉമ്മനുവേണ്ടി പ്രവര്‍ത്തിച്ചവരിലൊരാളാണ് ഷാഫി പറമ്പില്‍.
ഉമ്മന്‍ചാണ്ടിയുടെ വത്സല ശിഷ്യനുവേണ്ടി അപ്പയുടെ പുന്നാരമകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അച്ചു ഉമ്മന്‍ എത്തുന്നത് വലിയ സ്വാധീനം ചെലുത്തുമെന്ന് തന്നെ യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ പുന്നാരമകള്‍ തന്നെ തന്നെ വടകരയിലെത്തുന്നു എന്നതാണ് പ്രത്യേകത.
‘തന്റെ ഓര്‍മ്മയില്‍ അപ്പയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. യുഡിഎഫിനുവേണ്ടി അങ്ങോളമിങ്ങോളം ഓടിയെത്തി പ്രചാരണം നടത്താനില്ലാത്ത ഉമ്മന്‍ചാണ്ടിയെന്നത് പറഞ്ഞറിയിക്കാനകാത്ത വിഷമകരമായ അവസ്ഥയാണ്’ – അച്ചു ഉമ്മന്‍ പറയുന്നു.