“റാം C/O ആനന്ദി” ; വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ എഴുത്തുകാരൻ അഖിൽ പരാതി നൽകി

തിരുവനന്തപുരം : ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ച പുസ്തകമാണ് എഴുത്തുകാരൻ അഖിൽ പി. ധർമ്മജന്റെ ‘റാം C/O ആനന്ദി’ എന്ന പുസ്തകം . എന്നാൽ പുസ്തമിറങ്ങി പതിപ്പുകൾ വൻ‍ തോതിൽ വിറ്റ് പോകുന്നതിനിടെ അപ്രതീക്ഷിതമെന്നോണം ആരോ പുസ്തകത്തിന്റെ പിഡിഎഫ് ഇറക്കി. ഇതോടെ പുസ്തകത്തിന്റെ വിൽപ്പനയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ അഖിൽ.

വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസിൽ പരാതി നൽകിയ അദ്ദേ​ഹം എഫ്ഐആറിന്റെ പകർപ്പ് സോഷ്യൽമീഡിയയിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു. തന്റെ പുസ്തകത്തിന്റെ വിൽപന എങ്ങനെയും അവസാനിപ്പിക്കണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് വ്യാജപതിപ്പിന് പിന്നിലെന്ന് അഖിൽ ആരോപിച്ചു. മാനസികമായി തന്നെ തകർത്താൽ വിജയിച്ചെന്നാണ് ഇത്തരക്കാരുടെ ചിന്താ​ഗതി. തന്നോട് അൽപമെങ്കിലും മനഃസാക്ഷി കണിക്കണമെന്നും അഖിൽ പി ധർമ്മജൻ അഭ്യർത്ഥിച്ചു.

‘വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരു വിഷയങ്ങളിലും ഞാൻ ഇടപെടാതെ ഒഴിഞ്ഞുമാറി പോവുകയാണ് ശീലം. ആരോടും വൈരാഗ്യമോ ദേഷ്യമോ വെക്കാതെ സമാധാനപരമായി ഉറങ്ങാൻ സാധിക്കുക എന്നതാണ് ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ കരുതുന്നു.

അതിനായി നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ നേരിട്ട് കാണുക പോലും ചെയ്യാത്ത ഒരുപാടുപേർ എന്നെ ഒരു ശത്രുവായി കാണുകയും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ആരോടും പരാതി പറയാൻ നിന്നിട്ടില്ല. എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ഇതേ കാര്യം ചെയ്തിട്ടും തെളിവ് സഹിതം കിട്ടിയിട്ടും ആരെയും മറ്റുള്ളവരുടെ മുന്നിൽ കാട്ടിക്കൊടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഈ കൂട്ടത്തിൽ പെടുന്നവർ എനിക്ക് ചെയ്ത ഉപദ്രവം എന്റെ പുതിയ പുസ്തകമായ “റാം C/O ആനന്ദി” മൊത്തത്തിൽ സ്കാൻ ചെയ്ത് PDF ആക്കി ആളുകൾക്ക് ഫ്രീയായി വിതരണം ചെയ്യാൻ തുടങ്ങി എന്നതാണ്. എങ്ങനെയും പുസ്തകം വിൽപ്പന അവസാനിപ്പിക്കുകയും എന്നെ മാനസ്സികമായി തകർക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവർക്കെല്ലാം.

ശരിയാണ്, രണ്ടുവർഷം ചെന്നൈയിൽ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികൾ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി കൂനിക്കൂടിയിരുന്ന് താളുകളിലേക്ക് പകർത്തിയ ഒരുവനെ തകർക്കാൻ വേറെന്ത് വേണം. ഒരു കാര്യം പറയാതെ വയ്യ. എന്ത് മനുഷ്യരാണ് നിങ്ങൾ..? അൽപ്പമെങ്കിലും മനസ്സാക്ഷി എന്നോട് കാണിച്ചുകൂടേ…? ഞാൻ എന്താണ് അതിനുമാത്രം അപരാധം ചെയ്തത്..?

വഴക്കിനൊന്നും ഒട്ടും താൽപ്പര്യമില്ലാത്ത എന്നെക്കൊണ്ട് പൊലീസിൽ പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടാക്കിയില്ലേ..?
എന്നെ ഞെട്ടിച്ച ഒരു കാര്യം എനിക്ക് നേരിൽ അറിയുന്ന ആളുകൾ നടത്തുന്ന ഗ്രൂപ്പുകളിൽ പോലും ഈ വ്യാജ പതിപ്പ് വന്നിട്ട് അവർ അത് മറ്റുള്ളവരിലേക്ക് എത്താൻ അവസരം നൽകി എന്നതാണ്. ഇന്നലെ തുടങ്ങിയതാണ് ഇതെല്ലാം. ഡിസി ബുക്സ് കൊടുത്ത പരാതിയിൽ ചിലരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു.

അതാവട്ടെ ഈ സ്കാൻ ചെയ്ത PDF കോപ്പികൾ ഷെയർ ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും കോപ്പി റൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്, വൻ പിഴയും ശിക്ഷയും ലഭിക്കുന്ന ഒന്നാണ് എന്നുപോലും അറിയാത്ത കുറച്ചുപേർ. സൈബർ സെൽ പൊലീസ് ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളുമെല്ലാം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. പൊലീസിൽ നിന്നും കോൾ വന്നതിന് എന്നെ വിളിച്ച് എങ്ങനെയെങ്കിലും കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന് പലരും പറയുന്നുണ്ട്. എന്നോട് ഇത്രയും വലിയ ഉപദ്രവം ചെയ്തിട്ട് ക്ഷമിക്കണം എന്ന് പറയാൻ എങ്ങനെ മനസ്സുവരുന്നുവെന്നറിയില്ല.

ഇന്നിപ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ കൂടി പരാതി നൽകിയിട്ടുണ്ട്. ദയവായി പുസ്തകത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച് പൊലീസ് പിടിച്ചപേരിൽ എന്നെ ആരും വിളിക്കരുത്. എനിക്ക് നിങ്ങളോട് ഒന്നുംതന്നെ പറയാനില്ല. എല്ലാം നിയമത്തിന്റെ വഴിക്ക് പോട്ടെ. ദയവായി ആരെങ്കിലും എന്റെ പുസ്തകത്തിന്റെ വ്യാജ പതിപ്പ് എവിടെയെങ്കിലും പ്രചരിപ്പിക്കുന്നത് കണ്ടാൽ ഉടൻതന്നെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചവരെ വെളിയിൽ കൊണ്ടുവരാൻ നിങ്ങളുടെ സഹായവും ഞാൻ അപേക്ഷിക്കുകയാണ്. ഈ കാര്യത്തിൽ എന്നെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവർ എല്ലാവരും എനിക്കൊപ്പം നിൽക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.’- അഖിൽ പി ധർമ്മജൻ കുറിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments