ഹൈദരാബാദ് : പലതരത്തിലുള്ള കല്യാണക്കത്തുകൾ ഉണ്ടെങ്കിലും ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു കല്യാണക്കത്താണ് ചർച്ചാ വിഷയം. മകന്റെ വിവാഹ ക്ഷണക്കത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് കൊണ്ടാണ് കത്ത് തയ്യാറാക്കിയത് എന്നത് കൊണ്ടാണ് ആ കത്ത് ചർച്ചയാകാൻ കാരണം.

തെലങ്കാന സ്വദേശി നന്ദികാന്തി നര്‍സിംലുവാണ് ഇത്തരമൊരു കല്യാണ കത്ത് തയ്യാറാക്കിയിരിക്കുന്നത് . വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ടെന്നും മോദിക്കു നല്‍കുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനമെന്നുമാണു ക്ഷണക്കത്തില്‍ അച്ചടിച്ചിരിക്കുന്നത്. മോദിയുടെ ചിത്രത്തിനൊപ്പമാണു അഭ്യര്‍ഥന.

കെട്ടിട നിര്‍മാണത്തിനാവശ്യമായ തടി ഉരുപ്പിടികളുടെ വിതരണക്കാരനാണു നന്ദികാന്തി. ഏപ്രില്‍ നാലിനാണു നന്ദികാന്തിയുടെ മകന്‍ സായ് കുമാറിന്റെ വിവാഹം. മഹിമ റാണിയാണു വധു. മോദിയോടുള്ള സ്‌നേഹമാണു മകന്റെ വിവാഹ ക്ഷണക്കത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറയുന്നു.

എല്ലാവര്‍ക്കും ആശയം ഇഷ്ടമായെന്നും പ്രോത്സാഹിപ്പിച്ചെന്നും നന്ദികാന്തി പറഞ്ഞു.വിവാഹ ക്ഷണക്കത്തില്‍ വോട്ടഭ്യര്‍ഥന നടത്തുന്ന ആദ്യ വ്യക്തിയല്ല നന്ദികാന്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഈ ട്രെന്‍ഡ് ആദ്യം കണ്ടത്. അന്നും നിരവധി പേര്‍ വിവാഹ സമ്മാനങ്ങള്‍ക്കു പകരം മോദിക്ക് വോട്ടു നല്‍കണമെന്നു ക്ഷണക്കത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു.