
285 വർഷം പഴക്കമുള്ള നാരങ്ങ : വിറ്റ് പോയത് ഒന്നര ലക്ഷം രൂപയ്ക്ക്
285 വർഷം പഴക്കമുള്ള നാരങ്ങ ലേലത്തിൽ വിറ്റ് പോയത് ഒന്നരലക്ഷം രൂപയ്ക്ക്. 1739 ലെ ഈ നാരങ്ങ ഇംഗ്ലണ്ടിലെ ലേല സ്ഥാപനമായ ബ്രെറ്റെൽസ് വഴിയാണ് ലേലത്തിനെത്തിയത്. 1739 ലേത് എന്ന തരത്തിൽ ഒരു സന്ദേശം എഴുതി വച്ചിരിക്കുന്ന ഈ നാരങ്ങയടങ്ങുന്ന പെട്ടിയുമായി ഒരു കുടുംബം ബ്രെറ്റെൽസിനെ സമീപിക്കുകയായിരുന്നു.

മരിച്ചു പോയ അമ്മാവനിൽ നിന്നുമാണ് കുടുംബത്തിന് ഈ പെട്ടി ലഭിച്ചത്. പെട്ടി ലേലം ചെയ്യാനാണ് എത്തിയതെങ്കിലും നാരങ്ങ അതിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് ഉണങ്ങി തവിട്ട് നിറത്തിലായ നാരങ്ങക്ക് രണ്ട് ഇഞ്ച് വീതിയാണുള്ളത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പെട്ടി ലേലത്തിൽ ഏകദേശം 4000 മുതൽ 6000 വരെ രൂപയ്ക്ക് വിറ്റ് പോകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടിയ്ക്ക് ഉള്ളിൽ നിന്നും കണ്ടെത്തിയ നാരങ്ങ 1.48 ലക്ഷം രൂപയ്ക്ക് വിറ്റു.

“1739 നവംബർ 4 ന് മിസ്റ്റർ പി ലു ഫ്രാഞ്ചിനി മിസ്സ് ഇ ബാക്സ്റ്ററിന് നൽകിയത്” എന്ന് നാരങ്ങയിൽ എഴുതി വച്ചിട്ടുണ്ട്. കോളോണിയൽ ഇന്ത്യയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കൈമാറിയ ഒരു പ്രണയ സമ്മാനമായിരിക്കാം ഈ പെട്ടി എന്നാണ് കരുതുന്നത്. തങ്ങൾ ഇതിന് 4000 മുതൽ 6000 രൂപ വരെ മാത്രം ലഭിക്കുമെന്നാണ് കരുതിയതെന്ന് ലേല സ്ഥാപന ഉദ്യോഗസ്ഥനായ ഡേവിഡ് ബ്രെറ്റെൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് ഫീസ് ഉൾപ്പെടെ 1,49,000 രൂപയ്ക്കാണ് നാരങ്ങ വിറ്റത്.