
ലക്നൗ : അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ മിനിയേച്ചർ പതിപ്പ് നിർമ്മിച്ച് ശില്പി അരുൺ യോഗിരാജ് . അഞ്ചു വയസുകാരൻ ബാലന്റെ ജീവസുറ്റ മിഴികളിൽ കുസൃതിയും , സ്നേഹവും , ദയയും ദർശിച്ചവർ അനവധിയാണ് . ഇന്ന് ഇതാ ഭക്തരുടെ ഹൃദയം കവർന്ന പ്രതിഷ്ഠയുടെ മിനിയേച്ചർ പതിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
”രാം ലല്ലയുടെ പ്രധാന വിഗ്രഹം തിരഞ്ഞെടുത്തതിന് ശേഷം, അയോദ്ധ്യയിലെ ഒഴിവു സമയങ്ങളിൽ ഞാൻ മറ്റൊരു ചെറിയ രാം ലല്ല വിഗ്രഹം കൂടി കൊത്തിയെടുത്തു,” എന്ന് പറഞ്ഞ് കൊണ്ടാണ് ശിൽപി അരുൺ യോഗിരാജ് രാംലല്ലയുടെ പ്രതിഷ്ഠയുടെ മിനിയേച്ചർ പതിപ്പിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

നേരത്തെ, വിഗ്രഹം കൊത്തിയെടുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിച്ചത്. 5 വയസ്സുള്ള ബാലന്റെ രൂപത്തിലാണു ശ്രീരാമ സങ്കൽപം.

300 കോടി വർഷം പഴക്കമുള്ള കല്ലിൽനിന്നാണു വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നതെന്നു അരുൺ യോഗി രാജ് നേരത്തെ പറഞ്ഞിരുന്നു. 200 കിലോയോളം ഭാരമുണ്ട്. ആടയാഭരണങ്ങളണിഞ്ഞ വിഗ്രഹത്തിന്റെ ഇടതുകയ്യിൽ വില്ലും അമ്പുമുണ്ട്.