രാഷ്ട്രപതിക്കെതിരേ കേരളം നൽകിയ പരാതിയ്ക്ക് മറുപടിയുമായി ​ഗവർണർ

തിരുവനന്തപുരം : രാഷ്ട്രപതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതിയെ സമീപിക്കാന്‍ അധികാരമുണ്ട്. അതില്‍ തനിക്ക് അസ്വാഭാവികതയൊന്നും തോന്നുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

അതേ സമയം രണ്ട് ദിവസം മുമ്പാണ് കേരളം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് സമർപ്പിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. രാഷ്ട്ര പതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നൽകിയിരിക്കുന്നത്. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. നിയമസഭ പാസാക്കിയ 4 ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി തെറ്റായ കീഴ്‌വഴക്കമാണെന്നാണു കേരളം ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കാരണമില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഭരണഘടനാപരമായ പ്രശ്നങ്ങൾ തോന്നുകയാണെങ്കിൽ ഗവർണർക്ക് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാം. എന്നാൽ ഇത്തവണ രാഷ്ട്രപതിക്ക് അയച്ചതിൽ കാരണം വ്യക്തമാക്കിയിട്ടില്ല. ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നു.

എന്നാൽ, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കുന്നത് ഉൾപ്പെടെ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബില്ലും രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. ഇതു തിരിച്ചടിയായ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെടുന്നതല്ല ഈ ബില്ലുകൾ എന്നാണു സർക്കാർ നിലപാട്. ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച്‌ കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല്, ക്ഷീര സംഘം സഹകരണ ബില്ല് എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി വൈകിപ്പിക്കുന്നതെന്നാണ് കേരളത്തിന്റെ ആരോപണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments