കാസര്‍കോട് പാലായിയില്‍ അമ്മയ്ക്കും മകള്‍ക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം. പാലായി സ്വദേശി രാധക്കും മക്കള്‍ക്കും എതിരെയാണ് സിപിഎം നേതാക്കളുടെ പ്രാകൃത നടപടികള്‍. സ്വന്തം പറമ്പിലെ തേങ്ങയിടീക്കാന്‍ തൊഴിലാളിയുമായി എത്തിയ രാധയെയും മക്കളെയും നേതാക്കള്‍ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാലായിയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഇവര്‍ നിയമനടപടികള്‍ തേടി കോടതിയെ സമീപിച്ചതോടെ സിപിഎം പ്രദേശിക നേതാക്കള്‍ ഇടപെട്ട് പ്രദേശവാസികളില്‍ നിന്ന് ഇവരെ അകറ്റിനിര്‍ത്തുന്നതായാണെന്ന് രാധയും കുടുംബവും പറയുന്നു.
ഇവരോട് സഹകരിക്കുന്നവരെ പാര്‍ട്ടി ഇടപെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഇവര്‍ പറയുന്നു. വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികള്‍ക്കുപോലും ആരെയും കിട്ടാത്ത അവസ്ഥയാണെന്നും സിപിഎം നേതാക്കളുടെ ഭീഷണിയാണ് ഇതിന് കാരണമെന്നും രാധ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ സ്വന്തം പറമ്പില്‍ തേങ്ങയിടീക്കാനായി തൊഴിലാളിയുമായി എത്തിയപ്പോള്‍ തെറിയഭിഷേകവും അതിക്രമവുമായി ഇവര്‍ എത്തിയിരിക്കുന്നത്.