മരുമകളുടെ താലിപൊട്ടിക്കല്‍, സ്ത്രീധനപീഡനം; കലാമണ്ഡലം സത്യഭാമക്കെതിരെയുള്ള കേസുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ഉന്നംവെച്ചും കറുത്ത നിറത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങള്‍ നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമ ഇതിനുംമുമ്പ് പല കേസുകളിലും പ്രതി.

സ്വന്തം മരുമകളെ സത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് സത്യഭാമയ്ക്കെതിരെ 2022 ല്‍ തന്നെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസായിരുന്നു കേസെടുത്തത്.

2022 സെപ്റ്റംബറിലായിരുന്നു പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മരുമകള്‍ക്ക് വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്.

ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങികൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

തുടർന്ന് പരാതിക്കാരിയെ 2022 സെപ്റ്റംബർ 29 ന് സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ ‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു.

പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയില്‍ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കേസിന്റെ വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നത്.

ഇതുമാത്രമല്ല, 2018ൽ അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.

പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റുമായിരുന്നു പരാമർശം. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments