തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മകളുടെ വിവാഹത്തോടനുബന്ധിച്ച് നേർച്ച നൽകിയ സ്വർണ്ണ കിരീടം വീണ്ടും വിവാദത്തിൽ. തൃശ്ശൂർ ലൂർദ് പള്ളിയ്ക്ക് നൽകിയിരുന്ന സ്വർണക്കിരീടത്തിന്റെ സ്വർണ്ണത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സ്വർണ കിരീടം പള്ളിക്കാർ അറിയാതെ സിപിഎം കൗൺസിലറും സംഘവും പുറത്തുകൊണ്ടു പോയി പരിശോധിച്ചു എന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
പള്ളിയുടെ ചുമതലയുള്ള സിപിഎം പ്രവർത്തകനും തൃശൂരിലെ പ്രമുഖ സിപിഎം നേതാവും ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് സൂചന. എന്നാൽ പരിശോധന ഫലം വന്നപ്പോൾ വിധി സുരേഷ് ഗോപിക്ക് അനുകൂലമായി. ഇതോടെ വിവരം പുറത്തറിയാതെ കിരീടം തിരിച്ച് പള്ളിയിലെത്തിക്കുകയായിരുന്നു.
ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ സംശയം പ്രകടിപ്പിച്ച് വിവാദമാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്കെതിരെ ക്രിസ്ത്യാനികൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ കിരീടത്തിന്റെ കാര്യത്തിൽ ഇല്ലാത്ത ഒരു അവകാശവാദവും താൻ ഉന്നയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയും കിരീടം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ലൂർദ് പള്ളി അധികൃതരും വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കുകയായിരുന്നു. ഇതിനിടെയാണ് പള്ളി അധികൃതർ അറിയാതെ കിരീടം പുറത്തുകൊണ്ടു പോയി പരിശോധിച്ചെന്ന വാർത്ത പുറത്ത് വരുന്നത്.