മലയാളത്തിലെ ആദ്യ ‘ഡബിൾ സെഞ്ച്വറി’ : 200 കോടി ക്ലബിൽ ഇടം പിടിച്ച് മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയിലെ സർവ്വ റെക്കോർഡുകളും തകർത്തുകൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമ എന്നതും അഭിനയ നിർമ്മാണമികവും കൊണ്ട് സിനിമ വലിയ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിദംബരം ഒരുക്കിയ സിനിമ ഇപ്പോൾ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്.

200 കോടി ക്ലബിൽ കയറുന്ന ആദ്യ മലയാളം ചിത്രം എന്ന റെക്കോർഡും കരസ്ഥമാക്കി കൊണ്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 50 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 50 കോടി രൂപ നേടിയത്.

ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നത്. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കർണാടകയിൽ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കർണാടകയിൽ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.

കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments