CrimeNews

ബാങ്ക് മോഷണം: പ്രതി പിടിയില്‍; റിജോ ആൻ്റണി കൊള്ള നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ

തൃശൂർ: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ കൊള്ള നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂർ പോട്ട സ്വദേശിയായ റിജോ ആന്റണി (44) യാണ് പിടിയിലായത്. കടബാധ്യത തീർക്കാനായാണ് ഇയാൾ മോഷണം നടത്തിയത്. പത്തുലക്ഷം രൂപ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള ഭാര്യ അയച്ചുകൊടുത്തിരുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇത് മറച്ചുവെക്കാനാണ് മോഷണം നടത്തിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

റിജോ ആന്റണി ആഡംബര ജീവിതം നയിക്കുന്നയാളാണ്. വിദേശത്ത് നഴ്സാണ് റിജോ ആന്റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയയ്ക്കുന്ന പണം ഇയാൾ മദ്യപിച്ചും ധൂർത്തടിച്ചും തീർത്തിരുന്നു. ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇയാൾ മോഷണം ആസൂത്രണം ചെയ്തത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇരിഞ്ഞാലക്കുടക്കാരനായ ഇയാൾ ചാലക്കുടിയിലാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് പോലിസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കൊള്ള. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. ഹിന്ദി സംസാരിക്കുന്ന ആളായതിനാൽ റെയിൽവേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മോഷണം നടത്തുന്നതിനായി സ്‌കൂട്ടറിൽ ബാങ്കിലേക്ക് വരുന്നതിന്റെയും അകത്ത് പ്രവേശിച്ച് മുറി പൂട്ടിയശേഷം ക്യാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പ്രദേശം. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്‌കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *