തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിൽ വൊളന്റിയറായത് എസ്എഫ്ഐ പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയ സെക്രട്ടറി ആരോമൽ. കത്തിക്കുത്ത് ഉൾപ്പടെ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആരോമൽ. വിധികർത്താക്കൾക്ക് മർദ്ദനമേറ്റപ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന . കലോത്സവ കോഴയ്‌ക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരാണെന്ന ആരോപണം ഉയരുന്നതിനിടെയിലാണ് പുത്തൻ വിവരങ്ങൾ പുറത്തുവരുന്നത്.
എസ്എഫ്ഐ പ്രവർത്തകർ വിധികർത്താക്കളെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിട്ട് അക്രമിച്ചെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണ, വൈസ് പ്രസിഡന്റ് എ.എ.അക്ഷയ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എ. നന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവച്ച് മർദ്ദിച്ചെന്നാണ് കേസിലെ പ്രതികളായ നൃത്തപരിശീലകർ ജോമറ്റ് മൈക്കിളും സൂരജും പറഞ്ഞത്.ക്രിക്കറ്റ് ബാറ്റ് കൊണ്ടും ഹോക്കി സ്റ്റിക്ക് കൊണ്ടും ഷാജിക്ക് മർദ്ദനമേറ്റുവെന്നും ഇരുവരും തുറന്നു പറഞ്ഞിരുന്നു.
അതേ സമയം കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം ശക്തമാകുകയാണ്.. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹിക്കെതിരെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അക്ഷയ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി നൽകി.
കലോത്സവം പ്രോഗ്രാം സബ് കമ്മിറ്റി കൺവീനറും വിധികര്‍ത്താക്കളുിടെ ചുമതലയുണ്ടായിരുന്ന നേതാവുമാണ് അക്ഷയ്. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികര്‍ത്താക്കളെ സ്വാധീനിക്കാൻ കൂട്ടുനിൽക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഇദ്ദേഹം ആരോപിച്ചത്.
തുടര്‍ന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി യോഗവും കോഴ വാഗ്‌ദാനം ചര്‍ച്ച ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് എസ്എഫ്ഐ നേതൃത്വം കോഴ വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്. കോഴ വിവാദത്തിൽ ആരോപണ വിധേയനായ വിധികര്‍ത്താവ് ഷാജി കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയതിൽ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.