ഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ചുമതലയേറ്റത്. ഇതിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് തീയതികളില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നും സൂചനയുണ്ടായിരുന്നു. ശനിയാഴ്ച 3 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം.
തിരഞ്ഞെടുപ്പിന് പൂര്‍ണസജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തെരഞ്ഞെടുത്തത്. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും സുഖ്ബീര്‍ സിംങ് സന്ധു പഞ്ചാബ് കേഡര്‍ ഉദ്യോഗസ്ഥനുമാണ്.
അരുണ്‍ ഗോയല്‍ രാജിവച്ച ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സന്ധു എന്നിവരെ നിയമിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവച്ചത്. ഇതോടെ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായിരുന്നു. ഇതോടെയാണ് പുതിയ കമ്മീഷണര്‍മാരെ നിയമിച്ചത്.