തിരുവനന്തപുരം : ഏഴു മാസത്തെ കുടിശിക നിലനിൽക്കെ ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനു 900 കോടി രൂപയാണ് വേണ്ടത് .
ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ സർക്കാർ ഇൗ മാസം 15 മുതൽ വിതരണം ചെയ്യുമെ്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിരി്ക്കുന്നത്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ 6 മാസത്തെ ക്ഷേമ പെൻഷനാണു നൽകാനുള്ളത്.
തിരഞ്ഞെടുപ്പ് അടുക്കുന്നതു കണക്കിലെടുത്താണു സാമ്പത്തിക പ്രതിസന്ധി നോക്കാതെ ഒരു മാസത്തെ പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ചത്. അടുത്ത മാസം മുതൽ പെൻഷൻ അതതു മാസം നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
എന്നാൽ, കുടിശിക തീർത്ത ശേഷമാണോ അതതു മാസ വിതരണം ആരംഭിക്കുകയെന്നു ധനവകുപ്പ് വ്യക്തമാക്കുന്നില്ല. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനു പിന്നാലെ ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചനയുണ്ട്. പെൻഷൻ വിതരണത്തിനും മറ്റ് അടിയന്തര ചെലവുകൾക്കുമായി 5,000 കോടി രൂപ ഇന്നു പൊതുവിപണിയിൽനിന്നു സർക്കാർ കടമെടുക്കും.
30 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 20 വർഷത്തേക്ക് 2,000 കോടി രൂപയും 10 വർഷത്തേക്ക് 1,000 കോടി രൂപയുമാണു കടമെടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി 2 മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ 1,500 കോടി രൂപ കടമെടുക്കാൻ ശ്രമിച്ചെങ്കിലും 300 കോടി മാത്രമേ ലഭിച്ചുള്ളൂ.
അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ സിപിഐ നേതാവ് ബിനോയ് വിശ്വം ക്ഷേമ പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പിൽ ഇടതിന് തിരിച്ചടിയാകുമെന്ന് പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. അതിന്റെ തുടർ നടപടിയായിട്ടാണ് ഇപ്പോൾ പെൻഷൻന്റെ ഒരുമാസത്തെ തുക നൽകാൻ തീരുമാനിച്ചതിന് പിന്നിൽ എന്ന അഭിപ്രായം ഉയരുന്നുണ്ട് .