തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി ടിക്കറ്റുകളുടെ സമ്മാനത്തുക ഒരു കോടിയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി ലോട്ടറി വകുപ്പ്. സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ അടുത്തമാസത്തോടെ തീരുമാനമുണ്ടാകും. (Kerala Lottery Department Contemplates 1 Crore Prize Increase)
ലോട്ടറി ടിക്കറ്റിന്റെ വില 40 ല്‍ നിന്ന് 50 ആക്കി ഉയര്‍ത്താനും ഏറ്റവും കുറഞ്ഞ സമ്മാനതുക 100 ല്‍ നിന്ന് അമ്പതാക്കി കുറയ്ക്കാനും ശുപാര്‍ശയുണ്ട്. വില്‍പ്പന കൂട്ടുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് വലിയ മാറ്റങ്ങള്‍ക്ക് ലോട്ടറി വകുപ്പ് തയ്യാറെടുക്കുന്നത്.
ഇപ്പോള്‍, ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും വിലയും ഇതിന് സമാനമായി ഉയര്‍ത്തി ഏകീകരിക്കാനാണ് നീക്കം.
ബമ്പര്‍ ടിക്കറ്റുകളുടെ സമ്മാനത്തുക ഓരോ സീസണിലുമാണ് തീരുമാനിക്കുന്നത്. നിലവില്‍ വിറ്റുവരവിന്റെ 54 ശതമാനമാണ് സമ്മാനമായി നല്‍കുന്നത്. ഇത് 58 ശതമാനമായി വര്‍ദ്ധിപ്പിക്കും. ടിക്കറ്റുകളുടെ അച്ചടിയും കൂട്ടും. നിലവില്‍ അച്ചടിക്കുന്നവയെല്ലാം വിറ്റുതീരുന്നത് കണക്കിലെടുത്താണിത്. കഴിഞ്ഞ ബജറ്റില്‍ അച്ചടി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോട്ടറി സീരീസുകളുടെ എണ്ണം 12ല്‍ നിന്ന് 15 ആക്കാനും ശുപാര്‍ശയുണ്ട്.
നിലവിലെ ഒന്നാം സമ്മാനം (ദിവസം, ലോട്ടറി, തുക ക്രമത്തില്‍)
തിങ്കള്‍: വിന്‍വിന്‍, 75 ലക്ഷം
ചൊവ്വ: സ്ത്രീശക്തി, 75 ലക്ഷം
ബുധന്‍: ഫിഫ്റ്റി ഫിഫ്റ്റി- 1കോടി
വ്യാഴം: കാരുണ്യ പ്ലസ്- 80 ലക്ഷം
വെള്ളി: നിര്‍മ്മല്‍- 70 ലക്ഷം
ശനി: കാരുണ്യ – 80 ലക്ഷം
ഞായര്‍: അക്ഷയ- 70 ലക്ഷം