Loksabha Election 2024

കിളിപറന്ന് സുരേഷ്‌ഗോപിയും ബി.ജെ.പിയും; തൃശൂരിന്റെ സീന്‍ മാറ്റി കെ. മുരളീധരന്‍

തൃശൂര്‍: പത്മജ വേണുഗോപാലിനെ പുറത്തെത്തിച്ച് കോണ്‍ഗ്രസിന്റെ മുതുകത്ത് അടിച്ച ബി.ജെ.പിക്ക് ഉച്ചിയിലടിച്ചാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് ആകെ വിജയപ്രതീക്ഷയുണ്ടായിരുന്ന തൃശൂരില്‍ അവരുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ വെട്ടാന്‍ കോണ്‍ഗ്രസ് ഇറക്കിയത് കെ. മുരളീധരനെ.

ഇതോടെ, കിളിപാറിയ അവസ്ഥയിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുതല്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വരെയുള്ളവര്‍. കെ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ച് അധിക്ഷേപിച്ചാണ് കെ. സുരേന്ദ്രന്‍ തന്റെ കലിപ്പ് പ്രകടിപ്പിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരോടായിരുന്നു സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ കലിപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആള് കുറഞ്ഞതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ഇങ്ങനെയാണെങ്കില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരോട് സുരേഷ് ഗോപിയുടെ ഭീഷണി.

നേരം ഇരുട്ടിവെളുത്തപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ പത്മജ വേണുഗോപാലിനുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ മറുപടിയും ശക്തിപ്രകടനവുമായിരുന്നു കെ. മുരളീധരന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണം തെളിയിച്ചത്. കെ. മുരളിധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വന്നതോടെ അണികള്‍ വര്‍ധിത വീര്യത്തോടെ തെരുവിറങ്ങി.

ലോക്‌നാഥ് ബെഹ്‌റ, സുരേഷ് ഗോപി, അരവിന്ദ് മേനോന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളെ പോലും അറിയിക്കാതെ നടത്തിയ ഗംഭീര ഓപ്പറേഷന്‍ ആയിരുന്നു ‘ഓപ്പറേഷന്‍ പത്മജ’. കരുണാകരന്റെ തട്ടകത്തില്‍ കരുണാകരന്റെ മകളെ അടര്‍ത്തി എടുത്തതോടെ എ ക്ലാസ് മണ്ഡലത്തില്‍ ജയിക്കാമെന്ന മോഹത്തിലായിരുന്നു സുരേഷ് ഗോപി.

വടകരയില്‍ നിന്ന് മുരളീധരനെ തൃശൂരിലേക്ക് ഇറക്കി മറുപണി കൊടുക്കണമെന്ന വി.ഡി സതീശന്റെ അപ്രതീക്ഷിത നിര്‍ദ്ദേശം കോണ്‍ഗ്രസ് ക്യാമ്പിനെ ഉണര്‍ത്തി. മുരളീധരന്‍ സമ്മതം മൂളിയതോടെ പിന്നെ എല്ലാം ക്ഷണവേഗത്തില്‍ ആയിരുന്നു.

വടകരയിലേക്ക് ഷാഫി പറമ്പലിന്റെ എന്‍ട്രിയും സംഭവിച്ചതോടെ സാമുദായിക സമവാക്യവുമായി. ആലപ്പുഴയിലും കണ്ണൂരിലും കരുത്തരായ കെ.സി വേണുഗോപാലും കെ. സുധാകരനും തന്നെ രംഗത്തിറങ്ങി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും ഉറപ്പിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ട്വന്റി 20 തന്നെയാണെന്ന് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കെ.വി തോമസ് കോണ്‍ഗ്രസ് ക്യാമ്പ് വിട്ടതിന് സമാനമായിരുന്നു ലോകസഭ തെരഞ്ഞെടുപ്പ് സമയത്തെ പത്മജയുടെ കൂടുമാറ്റവും. കെ.വി. തോമസ് ചതിച്ചെന്ന വികാരം കോണ്‍ഗ്രസ് ക്യാമ്പിനെ വര്‍ദ്ധിത വീര്യത്തോടെ ഉണര്‍ത്തിയിരുന്നു.

പിണറായിയും മന്ത്രിമാരും ഒരുമാസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും ഫലം വന്നപ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് തൃക്കാക്കരയില്‍ വിജയകൊടി പാറിച്ചു. പത്മജയുടെ കൂടുമാറ്റം അതിലും വൈകാരികമാണ്.

അതുകൊണ്ട് തന്നെ തൃശൂര്‍ റെക്കോഡ് ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് ക്യാമ്പ് ലക്ഷ്യമിടുന്നത്. തൃശൂരില്‍ ക്യാമ്പ് ചെയ്ത് മാസങ്ങളോളം പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിക്ക് പവനായിയുടെ അവസ്ഥയായിരിക്കും ഉണ്ടാകുക എന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് പറയുന്നത്.

കെ. മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്യത്തിന്റെ ഞെട്ടലില്‍ നിന്ന് വി.എസ് സുനില്‍ കുമാര്‍ മുക്തനായിട്ടില്ല. തൃക്കാക്കരയിലെ ഇമമേഹ്യേെ (ഉല്‍പ്രേരകം) കെ.വി തോമസ് ആണെങ്കില്‍ തൃശൂരില്‍ അത് പത്മജയായി മാറി.

തൃശൂരിലെ 2019 ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ, 1. ടി.എന്‍ പ്രതാപന്‍ – 4,15,089 2. രാജാജി മാത്യു തോമസ് – 3,21,456 3. സുരേഷ് ഗോപി – 2,93,822

Leave a Reply

Your email address will not be published. Required fields are marked *