തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെയും മകളെയും വെട്ടിലാക്കുന്ന തെളിവ് എന്റെ കൈയ്യിലുണ്ടെന്ന് സാബു എം ജേക്കബ് . അത് കൊണ്ട് എന്നെ അറസ്റ്റ് ചെയ്യാതെ നോക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യം.തന്നെ അറസ്റ്റ് ചെയ്‌താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താൻ അകത്താക്കും. മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി സാബു എം ജേക്കബ് .

മുഖ്യനെയും മകളെയും ജയിലിലാക്കാനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ട്. പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കാരൻ സീറ്റ് ഓഫർ ചെയ്താൽ അത് കണ്ട് ചാടുന്നവൻ അല്ല സാബു ജേക്കബ്ബ്.

കെ സുരേന്ദ്രനേ ജീവിതത്തിൽ ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഐഎമ്മിന്റെയോ കോൺ​ഗ്രസിന്റെയോ സീറ്റ് കിട്ടാൻ ഒരു പ്രയാസവുമില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് – സിപിഐഎം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്.

ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, വിഡി സതീശൻ എന്നിവർ 5 സീറ്റുകൾ ഓഫർ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചു തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവർ പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു. പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

അതേ സമയം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ്റെ വിദേശ സഞ്ചാരങ്ങളിലേക്കും SFIO അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് . 2014 സെപ്റ്റംബറിൽ എക്സാലോജിക്ക് ആരംഭിച്ചതിനു ശേഷം വീണ വിജയൻ നടത്തിയ വിദേശ സഞ്ചാരങ്ങളുടെ വിശദാംശങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സഞ്ചാരങ്ങളിൽ നിരവധി തവണ വീണ അനുഗമിച്ചിരിക്കുന്നു.

വീണയുടെ വിദേശ സഞ്ചാരം വഴി എക്സാലോജിക്ക് കമ്പനിക്ക് നേട്ടം ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. വീണയുടെ ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക വിദേശ യാത്രകളിലും വീണ അനുഗമിച്ചിരുന്നു. വിദേശ സഞ്ചാരത്തെക്കുറിച്ചും കുടുംബാംഗങ്ങൾ വിദേശയാത്രയിൽ അനുഗമിച്ചതിനെ കുറിച്ചും മുഹമ്മദ് റിയാസിനോട് നിയമസഭയിൽ കെ. ബാബു എം.എൽ എ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും റിയാസ് മറുപടി നൽകിയിരുന്നില്ല. ഈ മാസം 1 നാണ് കെ.ബാബു റിയാസിൻ്റെ വിദേശ സന്ദർശനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ചത്.

എത്ര തവണ വിദേശ സഞ്ചാരം നടത്തി, ഏതൊക്കെ രാജ്യങ്ങളാണ് സന്ദർശിച്ചത്, സന്ദർശന തീയതിയും താമസിച്ച ഹോട്ടലും, ചെലവഴിച്ച തുക , യാത്രയിൽ കുടുംബാംഗങ്ങൾ അനുഗമിച്ചിട്ടുണ്ടോ, ആരാണ് അനുഗമിച്ചത്, അവരുടെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യങ്ങൾക്ക് 20 ദിവസം കഴിഞ്ഞിട്ടും മറുപടി തരാതെ ഒളിച്ചു കളിക്കുകയാണ് മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യങ്ങൾക്ക് തലേ ദിവസം മറുപടി നൽകണമെന്നാണ് ചട്ടം. റിയാസിൻ്റെ മൗനം വിദേശ സന്ദർശനങ്ങളിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.