പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്തുനിന്നു കാണാതായ ഒന്‍പതാം ക്ലാസുകാരി തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ രണ്ടു യുവാക്കളെയും പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ അതുലും അജിലുമാണ് പിടിയിലായത്. ഒരാളെ പൊലീസ് പിന്തുടര്ന്ന് ബസില്‍ നിന്നും പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുട്ടിയടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷന് ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ഇതില്‍ കുട്ടി രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ചിത്രം ഉള്‍പ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ബസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. യുവാക്കളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
പുലര്‍ച്ചെ നാലരയോടെ ഓട്ടോയിലാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കോട്ടയത്തുനിന്ന് ബസ് മാര്‍ഗം തിരുവല്ലയില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയെന്നാണ് വിവരം.
പെണ്‍കുട്ടിയെ ഉടന്‍തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. രണ്ടു വര്‍ഷത്തോളമായി ഇന്‍സ്റ്റഗ്രാം വഴിയുള്ള ബന്ധമാണ് പെണ്‍കുട്ടിക്ക് യുവാക്കളുമായി ഉള്ളതെന്നാണ് പൊലീസ് നല്കുന്ന വിവരം. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ ഇത് വന്‍തോതില്‍ പ്രചരിച്ചതോടെയാണ് പെണ്‍കുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന.
ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെണ്‍കുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സ്കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടി വസ്ത്രം മാറ്റിയാണ് ഇവര്‍ക്കൊപ്പം പോയത്. ഇവര്‍ പലയിടത്തും റൂം എടുക്കാന്‍ ശ്രമം നടത്തിയതായും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇതു നടന്നില്ല. ഇതോടെ ആലപ്പുഴ, തൃശൂര്‍ ഭാഗങ്ങളിലായി വാഹനങ്ങളില്‍ തന്നെയായിരുന്നു ഇവരുടെ യാത്ര. പ്രത്യേകിച്ചും പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരുന്ന കറക്കം.
ഇതിനിടെ പെണ്‍കുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാര്‍ത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവര്‍ തിരിച്ചെത്താന്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് ബസ് മാര്‍ഗം തിരുവല്ലയിലെത്തി പെണ്‍കുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാള്‍ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു.