ദർഭംഗ-അയോധ്യ-ആനന്ദ് വിഹാർ ടെർമിനൽ, മാൾഡ ടൗൺ-സർ എം. വിശ്വേശ്വരയ്യ ടെർമിനസ് (ബംഗളൂരു) എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ട് അമൃത് ഭാരത് ട്രെയിനുകൾ (അമൃത് ഭാരത് എക്സ്പ്രസ്) അവതരിപ്പിച്ചതിന് പിന്നാലെ ഇത്തരം 50 പുതിയ ട്രെയിനുകൾക്ക് കൂടി അനുമതി പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
2023 ഡിസംബർ 30നാണ് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ എത്തിയത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്നും ഇതേ തുടർന്നാണ് 50 പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും തിരക്കേറെയുള്ള റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിൻ റെയിൽവേ എത്തിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ആയിട്ടില്ല.
എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകൾ ഉള്ള ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) പുഷ്-പുൾ ഡിസൈനുള്ള അതിവേഗ പാസഞ്ചർ ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. മുന്നിലും പിന്നിലും എൻജിനുകളുണ്ട്. ട്രെയിൻ സ്റ്റാർട്ട് ചെയ്യുമ്പോഴും നിറുത്തുമ്പോഴും സാധാരണയായി അനുഭവപ്പെടുന്ന ജെർക്കിംഗ് ഇഫക്റ്റ് വളരെ കുറവാണ്. ഇത് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുമെന്ന് റെയിൽവേ പറയുന്നു.
കൂടാതെ സ്ലൈഡിംഗ് വിൻഡോകൾ, ഡസ്റ്റ് സീൽ ചെയ്ത വിശാലമായ ഗാംഗ്‌വേകൾ, ടോയ്ലറ്റുകളിലും ഇലക്ട്രിക്കൽ ക്യൂബിക്കിളുകളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്‌നിശമന സംവിധാനം, എമർജൻസി ഡിസാസ്റ്റർ മാനേജ്മെന്റ് ലൈറ്റ്, ഫ്‌ലോർ ഗൈഡ് ഫ്‌ലൂറസെന്റ് സ്ട്രിപ്പുകൾ, എൽ.ഡബ്ല്യു.എസ് കോച്ചുകൾക്കുള്ള ബെഞ്ച്-ടൈപ്പ് ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം യാത്രക്കാർക്ക് മെച്ചപ്പെടുത്തിയതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.