ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. രാഹുലിന് കോടതിയിൽ എത്തേണ്ടതിനാൽ നാളത്തെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. അമിത് ഷായ്ക്കെതിരായ പരാമർശങ്ങളെ തുടർന്ന് 2018 ൽ ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ സുൽത്താൻപൂരിലെ സിവിൽ കോടതിയിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് ലഭിച്ച സാഹചര്യത്തിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ചൊവ്വാഴ്ച താൽക്കാലിക ഇടവേള നൽകുമെന്ന് ജയറാം രമേശ് വ്യക്തമാക്കി.
2018 ഓഗസ്റ്റ് 4-ന് ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് നാളെ ഫെബ്രുവരി 20ന് രാവിലെ സുൽത്താൻപൂരിലെ ജില്ലാ സിവിൽ കോടതിയിൽ ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിട്ടുണ്ട്. അതിനാൽ ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കും. കോടതിയിലെ നടപടി ക്രമങ്ങൾക്ക് ശേഷം നാളെ രാവിലെ, ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 2 മണിക്ക് അമേഠിയിലെ ഫുർസത്ഗഞ്ചിൽ നിന്ന് പ്രോഗ്രാം പുനരാരംഭിക്കും, ”രമേശ് എക്സിൽ പോസ്റ്റ് ചെയ്തു.
“ഇന്നത്തെ പരിപാടി ഷെഡ്യൂൾ ചെയ്തതുപോലെ തുടരുന്നു, വൈകുന്നേരം 4 മണിക്ക് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അമേഠിയിലെ ബാബുഗഞ്ചിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നതാണ് രാഹുലിന്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റം. ഇതേ തുടർന്നാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അന്നത്തെ പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ കാലത്ത് കൊലപാതകക്കേസിൽ ബിജെപിക്ക് പങ്കുണ്ടെന്ന രാഹുലിന്റെ ആരോപണമാണ് ബിജെപി ആയുധമാക്കിയത്.
നേരത്തേയും രാഹുൽ ഗാന്ധിയുടെ പല പ്രസംഗങ്ങളും ഇത്തരത്തിൽ കോടതി കയറിയിട്ടുണ്ട്. ജാതി അധിക്ഷേപം, വിദ്വേഷ പരാമർശം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ബിജെപിയാണ് രാഹുലിന്റെ പല പരാമർശങ്ങളിലും പരാതിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.