സംസ്ഥാന ജീവനക്കാർക്ക് ഏപ്രിൽ മാസ ശമ്പളത്തോടൊപ്പം നൽകും എന്ന് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപനത്തിൽ ഒതുങ്ങിയേക്കും.

ബഡ്ജറ്റ് പ്രഖ്യാപനം കഴിഞ്ഞു ദിവസങ്ങൾ ഇത്ര ആയിട്ടും ഡി. എ ഉത്തരവ് ഇറക്കുന്ന ധനകാര്യ (പി ആർ യു) വകുപ്പിൽ ഇത് സംബന്ധിച്ച ഫയൽ നീക്കം ആരംഭിച്ചിട്ടില്ല.

ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം മെയ്‌ മാസത്തിൽ മാത്രമാണ് പ്രഖ്യാപിച്ച ഡി എ അനുവദിക്കേണ്ടി വരിക എങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതോടെ ഉത്തരവ് ഇറക്കാൻ സാധിക്കാത്ത സാഹചര്യം ആണ് ഉണ്ടാകുക.

സർക്കാരും ലക്ഷ്യം വെക്കുന്നത് അത് തന്നെ ആണെന്നാണ് സൂചന. പ്രഖ്യാപനത്തിലൂടെ ജീവനക്കാരുടെ വോട്ട് ഉറപ്പിക്കാൻ ആയെങ്കിലും അനുവദിക്കാൻ ഖജനാവിൽ പണമില്ല എന്നതാണ് സർക്കാരിനെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.

ശമ്പള പരിഷ്കരണ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും ഡി. ആർ പരിഷ്കരണ കുടിശികയും കൊടുക്കുമെന്ന് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് ഉത്തരവ് ഇറക്കിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധനമന്ത്രിയായി എത്തിയ ബാലഗോപാൽ ആനുകൂല്യങ്ങൾ എല്ലാം നീട്ടിവയ്ക്കുകയാണ് ഉണ്ടായത്.

ഇതേ മാതൃക പ്രഖ്യാപിച്ച ഡി എ യുടെ കാര്യത്തിൽ ബാലഗോപാൽ സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും. സംസ്ഥാന ജീവനക്കാർക്ക് 2% കൊടുക്കുന്നത് നീട്ടാൻ തന്ത്രം മെനയുന്ന ധനമന്ത്രിയെ എ ഐ എസ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്ന 4% ആണ് കുഴക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച 4% ക്ഷാമബത്ത ഉടൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഐ എ എസ് ഓഫീസർ അസോസിയേഷൻ സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇത് അനുവദിക്കുന്നതിനുള്ള ഫയൽ നീക്കം ആരംഭിച്ചതായാണ് വിവരം. സപ്ലൈകോയിലെ അവശ്യ സാധനങ്ങൾക്ക് വൻ വിലവർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ പൊതുവിപണിയിലും വില കുതിച്ചുയരും എന്നും അതിനെ മറികടക്കാൻ നിലവിൽ അനുവദിച്ച 2% ക്ഷാമബത്ത കൊണ്ട് മതിയാകില്ല എന്നും അതിനാൽ 2% ന് പുറമേ കുടിശികയായ 21% മുഴുവനായി അനുവദിക്കണം എന്നാണ് ജീവനക്കാരുടെ ആവശ്യം.