യു.എ.ഇയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കനത്ത തിരിച്ചടിയാണ് നാട്ടിലേക്ക് പണമയക്കുന്ന സേവനത്തിന് (Remitting Money) 15 ശതമാനം (അതായത് 2.5 ദിർഹം വർധന) ഫീസ് കൂട്ടിയ ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ നടപടി. ഫോറിൻ എക്സ്ചേഞ്ചുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (FERG) ആണ് ഫീസ് കൂട്ടാൻ തീരുമാനിച്ചത്.
ഫോറിൻ എക്സ്ചേഞ്ചുകളുടെ ബ്രാഞ്ച് മുഖേന വിദേശത്തേക്ക് പണം അയക്കുന്നതിന് മാത്രമാണ് ഫീസ് വർധന ബാധകമെന്നും മൊബൈൽ ആപ്പ് വഴിയുള്ള സേവനത്തിന് ഫീസ് കൂട്ടിയിട്ടില്ലെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തനച്ചെലവ് വർധിച്ച പശ്ചാത്തലത്തിലാണ് ഫീസ് കൂട്ടുന്നതെന്നും കഴിഞ്ഞ 5 വർഷമായി ഫീസ് നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ലെന്നും എഫ്.ഇ.ആർ.ജി ചൂണ്ടിക്കാട്ടി.
യു.എ.ഇ സെൻട്രൽ ബാങ്കിന്റെ (CBUAE) 2022ലെ കണക്കുപ്രകാരം യു.എ.ഇയിൽ നിന്ന് ഏറ്റവുമധികം പണം നാട്ടിലേക്ക് അഥവാ സ്വന്തം രാജ്യത്തേക്ക് അയക്കുന്നത് ഇന്ത്യക്കാരാണ്. അതിൽ തന്നെ പ്രവാസി മലയാളികളുടെ വിഹിതവും ഏറെയാണ്. 2022ൽ 4,443 കോടി ദിർഹമാണ് (ഏകദേശം ഒരുലക്ഷം കോടി രൂപ) യു.എ.ഇയിലെ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത്.
യു.എ.ഇയിൽ നിന്ന് പുറത്തേക്കുള്ള മൊത്തം പ്രവാസി പണമയക്കലിന്റെ 30.5 ശതമാനമാണിത്. 12.2 ശതമാനം വിഹിതവുമായി പാകിസ്ഥാൻ രണ്ടാമതും 8.4 ശതമാനവുമായി ഫിലിപ്പൈൻസ് മൂന്നാമതുമാണ്. അതായത്, യു.എ.ഇയിൽ നിന്ന് പുറത്തേക്കുള്ള പ്രവാസി പണമൊഴുക്കലിന്റെ 50 ശതമാനവും ചെല്ലുന്നത് ഈ മൂന്ന് രാജ്യങ്ങളിലേക്കാണ്. ഫീസ് വർധന ഏറ്റവുമധികം ബാധിക്കുന്നതും ഈ രാജ്യങ്ങളെയാണ്.