പിണറായിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ പേഴ്‌സണൽ സ്റ്റാഫിൽ; ഉപകാരസ്മരണയെന്ന് ഷോൺ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോൺ ജോർജ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണിതെന്നും അദ്ദേഹം ആരോപിച്ചു.

പിണറായിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിന്മേലും ഇടപാടിന്മേലും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകുമെന്നും ഷോൺ ജോർജ് പറഞ്ഞു. ‘അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ 2008ൽ പിണറായി വിജയന് ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ആർ മോഹനൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നാലാം സ്ഥാനക്കാരനാണ്.

ഒരു ഉദ്യോഗസ്ഥസ്ഥൻ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുന്നതിൽ തെറ്റില്ല. പക്ഷെ അതേ ഉദ്യോഗസ്ഥൻ വർഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുണ്ട്. അത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് സംശയിക്കുന്നു. 2016 മുതൽ ഇയാൾ സ്റ്റാഫിലുണ്ട്. ആർ മോഹനന്റെ മുൻകാല ഇടപാടുകൾ പരിശോധിക്കണം. വിവിധ കേസുകളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ സംബന്ധിച്ചും അന്വേഷണം വേണം.

ലാവലിൻ കേസിൽ മുഖ്യമന്ത്രി എങ്ങനെയാണ് അനുകൂല റിപ്പോർട്ട് സമ്പാദിച്ചതെന്ന് ഇതിലൂടെ വ്യക്തമാകും. റിപ്പോർട്ടുകൾ പുറത്തുവരില്ലെന്ന ആത്മവിശ്വാസമാണ് ഇവരെ ഇവിടെ വരെയെത്തിച്ചിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറിയുടെ സഹോദരൻ കൂടിയാണ് ആർ മോഹനൻ. ഇതൊരു വലിയ കൊള്ളസങ്കേതമാണ്. ഒരറ്റത്ത് പോലും നമ്മൾ എത്തിയിട്ടില്ല’, ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments