ക്ഷേമ പെൻഷൻ കുടിശിക 9600 രൂപ; പെൻഷൻ കമ്പനിക്ക് കൊടുക്കാനുള്ളത് 11000 കോടി

ക്ഷേമപെൻഷൻ കുടിശികയായി ഒരാൾക്ക് ലഭിക്കാനുള്ളത് 9,600 രൂപ. 6 മാസത്തെ ക്ഷേമപെൻഷൻ കുടിശിക ആയതോടെയാണ് ഒരാൾക്ക് ലഭിക്കേണ്ട തുക ഉയർന്നത്.

50 ലക്ഷം പേരാണ് സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കുന്നത്. 6 മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ 4800 കോടി വേണം. പെൻഷൻ കൊടുക്കാൻ വേണ്ടി രൂപികരിച്ച പെൻഷൻ കമ്പനിയോടും സർക്കാർ കടം പറഞ്ഞിരിക്കുകയാണ്. 11000 കോടി രൂപയാണ് പെൻഷൻ കമ്പനിക്ക് സർക്കാർ കൊടുക്കാനുളളത്.

ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ ക്ഷേമപെൻഷൻ കൊടുക്കാൻ സാധിക്കാത്തത് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 2 മാസത്തെ ക്ഷേമ പെൻഷൻ എങ്കിലും ഉടൻ കൊടുക്കണമെന്ന നിർദ്ദേശം ധനമന്ത്രിയുടെ മുന്നിലുണ്ട്. പണം ഇല്ലെന്ന സ്ഥിരം പല്ലവിയാണ് ബാലഗോപാൽ പാടുന്നത്.

ക്ഷേമപെൻഷൻ കിട്ടാതായതോടെ മരുന്ന് വാങ്ങിക്കാൻ പോലും നിവൃത്തിയില്ലാതെ വലയുകയാണ് ക്ഷേമ പെൻഷൻകാർ. പല ജില്ലകളിലും വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ ക്ഷേമപെൻഷൻകാരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. പണം വേണ്ടേ എന്നാണ് പ്രതിഷേധക്കാരോട് മന്ത്രി സജി ചെറിയാൻ പരസ്യമായി ചോദിച്ചത്.

ക്ഷേമ പെൻഷൻ കുടിശിക അടിയന്തിരമായി കൊടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭ തുടങ്ങിയ ദിവസം തന്നെ പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ട് വന്നിരുന്നു. സർക്കാരിന് ധൂർത്തിന് പണം ഉണ്ട്, ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ല എന്ന ഇരട്ടതാപ്പ് പ്രതിപക്ഷം സഭയിൽ തുറന്ന് കാട്ടിയിരുന്നു.

2500 രൂപയായി ക്ഷേമ പെൻഷൻ ഉയർത്തും എന്നായിരുന്നു ഇടതുമുന്നണിയുടെ 2021ലെ പ്രകടനപത്രിക വാഗ്ദാനം. 100 രൂപ പോലും ബജറ്റിൽ കൂട്ടാൻ ബാലഗോപാൽ തയ്യാറായതും ഇല്ല. കുടിശികയാകട്ടെ 6 മാസവും.