തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ആട്ടിൻകൂട്, കോഴി കൂട് പരിപാലനത്തിനായി 3.24 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. രാജ്ഭവനിലെ ഫാം ഹൗസിലെ ആട്, കോഴി എന്നിവയുടെ കൂടിൻ്റെ പരിപാലത്തിനാണ് 3.24 ലക്ഷം.

ഇതിനായി ടെണ്ടർ ക്ഷണിച്ചിരുന്നു. 2023 ഡിസംബർ 28 നുള്ളിൽ ടെണ്ടർ സമർപ്പിക്കണം എന്നാണ് ടെണ്ടറിൽ പറഞ്ഞിരിക്കുന്നത്. കോഴിക്കൂടിൻ്റെയും ആട്ടിൻകൂട്ടിൻ്റെയും പരിപാലന പ്രവർത്തനങ്ങൾ രാജ്ഭവനിൽ പൂർത്തിയായി എന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് അധികമായി ബജറ്റിൽ ഗവർണർക്ക് വേണ്ടി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയത്. 2023 – 24 ൽ 12.52 കോടിയായിരുന്നു രാജ്ഭവൻ്റെ ബജറ്റ് എസ്റ്റിമേറ്റ്. ഇത്തവണ അത് 12.95 കോടിയായി ഉയർന്നു.

ഗാർഹിക ചെലവ്, വൈദ്യ സഹായം, സഞ്ചാര ചെലവുകൾ, രാജ്ഭവനിലെ ശമ്പളം എന്നീ ഇനങ്ങളിൽ ആണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ബാലഗോപാൽ വകയിരുത്തിയത്. ധന പ്രതിസന്ധിക്കിടയിലും ഗവർണറോട് പിണറായിക്കുള്ള പ്രത്യേക കരുതൽ ആണ് ഇത് കാണിക്കുന്നത്.

പരസ്പരം കൊമ്പ് കോർക്കൽ ഒക്കെ നാടകം മാത്രം. അന്തർധാര സജീവം എന്നർത്ഥം. 2024-25 ൽ രാജ്ഭവൻ്റെ ചെലവുകൾക്കായി ബാലഗോപാൽ നൽകിയത് ഇപ്രകാരം;

  • 1 ഗവർണറുടെ ശമ്പളം – 42 ലക്ഷം
  • 2 ഗവർണർക്ക് ഇഷ്ടാനുസരണം ചെലവഴിക്കാൻ – 25 ലക്ഷം
  • 3 ഗാർഹീക ചെലവ്- 4.21 കോടി 4.വൈദ്യസഹായം – 50.62 ലക്ഷം
  • 5 മനോരജ്ഞന ചെലവ് ( Entertainment Expense) – 2 ലക്ഷം
  • 6 കരാർ ചെലവ്- 10 ലക്ഷം
  • 7 സഞ്ചാര ചെലവ് – 13 ലക്ഷം
  • 8. രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളം – 7.31 കോടി