പാലക്കാട്: അകത്തേത്തറയിൽ ക്ഷേമ പെൻഷൻ മുടങ്ങിയ 92 കാരിക്കും മകൾക്കും താങ്ങായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. ക്ഷേമപെൻഷൻ നൽകാതെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധവുമായി ഇന്ന് രാവിലെയാണ് 92 കാരിയും മകളും രംഗത്തെത്തിയത്.

ഇരുവർക്കും പ്രതിമാസം തന്റെ പെൻഷനിൽ നിന്ന് തുക നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സർക്കാർ പെൻഷൻ എന്ന് നൽകുന്നുവോ അന്ന് വരെ താൻ ഇരുവർക്കും പെൻഷൻ തുക നൽകും. സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും സുരേഷ് ഗോപി അപേക്ഷിക്കുകയായിരുന്നു.

അകത്തേത്തറ പഞ്ചായത്തിന് മുന്നിലാണ് ഇരുവരുടെയും പ്രതിഷേധം. പഞ്ചായത്തിന് മുന്നിൽ കട്ടിലിട്ട് വൃദ്ധ മാതാവും മകളും സമരം നടത്തുകയാണ്. 92 വയസ്സുകാരി പത്മാവതി അമ്മയും മകൾ 67 കാരിയായ മകൾ ഇന്ദിരയുമാണ് സമരം നടത്തുന്നത്. ജനങ്ങളെ വഞ്ചിക്കാതെ കേരള സർക്കാർ ക്ഷേമ പെൻഷൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ന് രാവിലെയാണ് പഞ്ചായത്ത് തുറക്കുന്നതിനും മുമ്പ് വൃദ്ധയും മകളും കട്ടിലിട്ട് പ്രതിഷേധം ആരംഭിച്ചത്. ആറുമാസമായിട്ടും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. പെൻഷൻ പണം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതിന് പരിഹാരം കാണാതെ സമരം നിർത്തില്ലെന്നും ഇരുവരും അറിയിച്ചിരുന്നു.