സംസ്ഥാനത്ത് ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു. 46,520 രൂപയാണ് പവൻവില. 5,815 രൂപയിലാണ് ഗ്രാം വ്യാപാരം.

രാജ്യാന്തര വിലയിലെ വർധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. അമേരിക്കയുടെ ട്രഷറി ബോണ്ട് യീൽഡ് 4 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്നോണം സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലവർധന സൃഷ്ടിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 10 ഡോളറോളം ഉയർന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്.
വെള്ളി വിലയിൽ മാറ്റമില്ല
18 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് ഗ്രാമിന് 4,805 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് 78 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

സ്വർണത്തിന്റെ ഇറക്കുമതി നികുതി നിലവിലെ 12.5 ശതമാനത്തിൽ നിന്ന് 4-8 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വ്യാപാരലോകം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സ്വർണം പണമാക്കൽ പദ്ധതിയുടെ പലിശനിരക്ക് നിലവിലെ 2.25-2.50 ശതമാനമെന്നത് 8 ശതമാനമെങ്കിലും ആക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ന് സ്വർണവില വർധിച്ചത്.