തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സിപിഎം എംഎല്‍എമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കെപിസിസി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

എംവി ഗോവിന്ദന് പുറമേ, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.

ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കെപിസിസിയുടെ ആവശ്യം. ഈ പരാതി നിലനില്‍ക്കുമ്പോഴാണ് സിപിഎം എംഎല്‍എമാരായ എം. നൗഷാദ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.വി അന്‍വര്‍, കെ.വി സുമേഷ് എന്നിവര്‍ മുഖ്യമന്ത്രിയോട് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ചോദ്യത്തിന് മുഖ്യമന്ത്രി നാളെ മറുപടി പറയേണ്ടതാണ്. എംഎല്‍എമാരുടെ ചോദ്യത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എംവി ഗോവിന്ദന്‍ വെട്ടിലായിരിക്കുകയാണ്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവമാണ് കളമശ്ശേരി സ്‌ഫോടനമെന്നായിരുന്നു എംവി ഗോവിന്ദന്റെ വിവാദ പരാമര്‍ശം.

കര്‍ശനമായ നിലപാടെടുക്കും. ജനാധിപത്യബോധമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുന്‍വിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

പലസ്തീന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ രാഷ്ട്രീയമായി ശരിയെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. എറണാകുളം കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വര്‍ഗീയ വിദ്വേഷ സന്ദേശങ്ങള്‍ക്ക് കാരണമായ ഔദ്യോഗിക പേജുകള്‍ക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ബിജെപി നേതാവ് സന്ദീപ് വാര്യര്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷ കെപി ശശികല, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, കര്‍മ്മ ന്യൂസ്, തീവ്ര ക്രൈസ്തവ ഗ്രൂപ്പായ ‘കാസ’ എന്നിവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വന്ന അടിസ്ഥാനരഹിതമായ വര്‍ഗീയ വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങള്‍ക്ക് കാരണമായതെന്നും പരാതിയില്‍ ചൂണ്ടി കാണിച്ചിരുന്നു.

നക്ഷത്രചിഹ്നമിട്ട ചോദ്യം ആയതിനാൽ മുഖ്യമന്ത്രി സഭയിൽ് മറുപടി പറയേണ്ടി വരും. ആറാമത്തെ ചോദ്യമായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.