ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെതിരെ തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിർമിച്ച് നൽകുന്നത്. സർക്കാരിനെതിരെ തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിർമിച്ച് നൽകുമെന്നായിരുന്നു കെ.പി.സി.സി യുടെ വാഗ്ദാനം. ഇരുന്നൂറേക്കറിൽ മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിർമാണ ജോലികൾ തുടങ്ങി. ​

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ ചേർന്ന് വീടിന്റെ തറക്കലിടൽ കർമ്മം നിർവ്വഹിച്ചു. വീട് നിർമ്മാണത്തിനാവശ്യമായ തുകയുടെ ആദ്യഗഡുവും കൈമാറി.കെ.പി.സി.സി നൽകുന്ന 5 ലക്ഷം രൂപയിൽ അധികമായി വരുന്ന തുക നിർമ്മാണ ചുമതല വഹിക്കുന്ന അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. അതിമനോഹരമായ വീട് നിർമിച്ച് നൽകുന്നതിന് കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് നന്ദിയുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു.