കോഴിക്കോട് : രാജ്യത്തെ ഭരണഘടന വധഭീഷണിയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് . കുറച്ചു കാലമായി ഭരണഘടന വലിയ നിലയിൽ ആക്രമണങ്ങൾ നേരിടുകയാണ്. ഇന്ത്യൻ ഭരണഘടന വധഭീഷണിയിലാണ് . എപ്പോഴാണ് ഭരണഘടനയുടെ കഥ കഴിയുക എന്നു പറയാൻ നമുക്ക് സാധ്യമാകാത്ത നിലയിലേക്കുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി .

കോഴിക്കോട് വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടകരമായ സാഹചര്യത്തിലൂടെ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടു പോകുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്. മത സൗഹാർദവും മത നിരപേക്ഷതയും നിലനിന്നു പോകുക എന്നതാണ് നാനാത്വത്തിൽ ഏകത്വമെന്നുള്ള നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത.

ഈ മത നിരപേക്ഷതയും വലിയ നിലയിലുള്ള ഭീഷണി നേരിടുന്നു. ഇന്ത്യയിൽ ഒരു മതവും മറ്റു മതങ്ങളോട് ശത്രുതാപരമായ സമീപനം സ്വീകരിക്കണമെന്ന് പറയുന്നില്ല. എന്നാൽ മത സാഹോദര്യത്തിന് വലിയ വെല്ലുവിളികൾ വരുന്ന തരത്തിലേക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നു തന്നെ നീക്കങ്ങൾ നടക്കുന്നു. ഭരണഘടനയുടെ പ്രധാന തത്വങ്ങളെല്ലാം അപകടകരമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.