
കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക് ഇന്നലെ ഇയാൾ എത്തിയപ്പോൾ വീട്ടുകാരാണ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം വാർത്തകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ജോൺസൺ ഔസേപ്പ് വീട്ടിലേക്ക് എത്തിയതെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറഞ്ഞു.കുറിച്ചിയിലെ വീട്ടുകാർക്ക് തോന്നിയ സംശയമാണ് ആതിര കൊലക്കേസ് പ്രതിയെ കുടുക്കുന്നതിൽ ഫലം കണ്ടത്.
ഇന്നലെ ജോൺസൺ എത്തിയതിന് പിന്നാലെ വീട്ടുകാർ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുംവരെ വീട്ടുകാർ പ്രതിയെ പോകാനും അനുവദിച്ചില്ല. മുമ്പ് ഒരു മാസം ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥ രമ്യ പറയുന്നു. ”ഫേസ്ബുക്കിലൂടെയാണ് വാർത്തയറിഞ്ഞത്. നമ്മുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ആളാണെന്ന് മനസിലായി. സമീപത്തെ വീട്ടിലുണ്ടായിരുന്ന മെമ്പറെ വിവരമറിയിച്ചു”. ജോൺസൺ വീട്ടിലെത്തിയപ്പോൾ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ പറഞ്ഞു.
സോഷ്യൽ മീഡിയകളിൽ ഇൻസ്റ്റ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. കൊല്ലപ്പെട്ട യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ.
മൂന്നുകൊല്ലമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുന്നയാളാണ് പ്രതി ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ കൊണ്ടുപോയ ആതിരയുടെ സ്‌കൂട്ടർ നേരത്തെ ചിറയിൻകീഴ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറഞ്ഞു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി.
നേരത്തെ യുവതി ജോൺസനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു.
പിന്നീടാണ് യുവതിയെ എന്തോ നൽകി മയക്കിയതിന് ശേഷം കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.