തിരുവനന്തപുരം: മസാല ബോണ്ടിൽ തോമസ് ഐസക്കിന് കുരുക്ക് മുറുകുന്നു.

ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്ത മിനിട്ട്സ് പുറത്ത് വന്നതോടെ ഐസക്കിൻ്റെ പ്രതിരോധം പാളി.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ കിഫ് ബി സി. ഇ. ഒ കിഫ് ബി ബോർഡിൻ്റെ അനുമതി തേടിയ യോഗത്തിലാണ് ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിർപ്പ് രേഖപ്പെടുത്തിയത്. വിദേശ വിപണിയിൽ പലിശ നിരക്ക് കുറഞ്ഞ് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് മസാല ബോണ്ടിൻ്റെ പലിശ ഇത്ര മാത്രം ഉയർന്ന് നിൽക്കുന്നത് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ചോദ്യം.

നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാൽ കുറഞ്ഞ നിരക്കിൽ ലഭിക്കുമോ എന്ന് കണ്ടെത്താനാകുമെന്നും ചീഫ് സെക്രട്ടറി യോഗത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കി പണം സമാഹരിക്കാൻ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശക്ക് ബോണ്ടിന് ശ്രമിക്കണം എന്ന നിർണായ ചോദ്യമാണ് ധനസെക്രട്ടറി മനോജ് ജോഷി ഉന്നയിച്ചത്.

പലിശ കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കണമെന്നാണ് ഐസക്ക് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി മിണ്ടിയതുമില്ല. മസാല ബോണ്ട് ഇറക്കുന്നതിൽ വ്യക്തിപരമായ റോളില്ല എന്ന ഐസക്കിൻ്റെ വാദം പച്ചകള്ളം എന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന മിനിട്ട്സ്.

മസാല ബോണ്ടിൽ ലാവ്ലിൻ ബന്ധമുള്ള കനേഡിയൻ കമ്പനി സി ഡി പി ക്യു എങ്ങനെ എത്തി എന്നത് ഇപ്പോഴും ദുരൂഹം. ലാവ്ലിൻ ബന്ധമുള്ള കനേഡിയൻ കമ്പനി സിഡിപി ക്യൂവിൻ്റെ 3 അംഗ പ്രതിനിധികളുടെ തിരുവനന്തപുരം സന്ദർശനത്തോടെയാണ് അഴിമതിയുടെ തുടക്കം.

സിഡിപി ക്യൂ ഈ ബോണ്ടുകൾ മുഴുവനായി 2150 കോടി രൂപക്ക് വാങ്ങിയ ശേഷം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് വിൽപന നടത്തി. ഇതിലൂടെ കോടികളുടെ ലാഭം കമ്പനി നേടി. ഉയർന്ന പലിശയായ 9. 723 ശതമാനത്തിൽ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി തിരിച്ചടവ് പൂർത്തിയാകുമ്പോൾ കമ്പനിയുടെ അക്കൗണ്ടിൽ അധികമായി എത്തുന്നത് 1000 കോടിക്ക് മുകളിലാണ്.

ഇതുകൂടാതെയാണ് ഈ ബോണ്ടുകളുടെ വിൽപനയിലൂടെ ലഭിക്കുന്ന അധിക വരുമാനം കമ്പനിക്ക് ലഭിക്കുന്നത്. മസാല ബോണ്ടിൽ സി ഡി പി ക്യൂ കമ്പനിയുടെ ലാഭം 2000 കോടിക്ക് മുകളിൽ കടക്കുമെന്ന് വ്യക്തം. ഈ കച്ചവടത്തിൽ ഐസക്കിൻ്റെ പങ്ക് തെളിയിക്കുന്ന രേഖകൾ ഇ.ഡി ക്ക് ലഭിച്ചു കഴിഞ്ഞു വെന്നാണ് സൂചന .

ഐസക്കിൻ്റെ പ്രതിരോധം പാളിയതോടെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാം. കിഫ് ബി സി ഇ ഒ എബ്രഹാമും പരിഭ്രാന്തിയിലാണ്. ഐസക്കിനെ ചോദ്യം ചെയ്താൽ സി ഡി പി ക്യു എങ്ങനെ എത്തി എന്ന് വ്യക്തമാകും. അത് തന്നെയാണ് എബ്രഹാമിൻ്റെ പേടിയും.