മരം വെട്ടാന്‍ വന്ന ബാബു ആദ്യം ശിവന്റെ ഭാര്യയെ വെട്ടിക്കൊന്നു; പിന്നെ മകളേയും സഹോദരനേയും വെട്ടി വീഴ്ത്തി; പലരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; ബാബുവിന്റെ ക്രൂരതകള്‍ കോടതിയില്‍ തെളിഞ്ഞു.
കൊച്ചി: കേരളത്തെ നടുങ്ങിയ അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊല കേസില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബാബുവിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്. 2018 ഫെബ്രുവരിയിലായിരുന്നു കൊലപാതകം.
കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. ശിക്ഷയിന്‍മേലുള്ള വാദം ഈമാസം 29ന് കോടതി കേള്‍ക്കും.
മുക്കന്നൂരിലെ ഓട്ടോ ഡ്രൈവറായ ബാബുവാണ് കണ്ണില്‍ ചോരയില്ലാതെ മൂന്ന് പേരേ വെട്ടിക്കൊന്നത്. ബാബുവിന്റെ കൊലക്കത്തിയില്‍ നിന്ന് കുട്ടികളടക്കം പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു.
ശിവന്റെ ഭാര്യ വത്സല, മകള്‍ സ്മിത, സഹോദരന്‍ ശിവന്‍ എന്നിവരാണ് അരുകൊലയ്ക്ക് ഇരയായത്. മറ്റൊരു സഹോദരന്‍ ഷാജിയുടെ ഭാര്യയായ ഉഷയടക്കം നിരവധി പേര്‍ക്ക് നേരെ ബാബു കൊലക്കത്തി വീശിയിരുന്നു.
അഞ്ച് സെന്റ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകമായി മാറിയത്. തര്‍ക്ക പ്രദേശത്തുണ്ടായിരുന്ന മരം വെട്ടാനാണ് ബാബു എത്തിയത്. ബാബു മരം വെട്ടാനെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ ഓരോരുത്തരായി തര്‍ക്കവുമായി രംഗത്തെത്തി.
കലി പൂണ്ട ബാബു തറവാട്ട് വീട്ടില്‍ നിന്നും വെട്ട്കത്തിയെടുത്ത് വന്ന് ആദ്യം വെട്ടിയത് ശിവന്റെ ഭാര്യയെ ആയിരുന്നു. വെട്ടേറ്റ് നിലത്ത് വീണ വത്സലയെ തുരുതരാ വെട്ടി. തടയാന്‍ ശ്രമിച്ചതോടെയാണ് ജ്യേഷ്ഠനായ ശിവനെയും മകള്‍ സ്മിതയേയും വെട്ടി വീഴ്ത്തിയത്.
നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ വാക്കത്തി വീശി ബാബു ഭയപ്പെടുത്തി. ശേഷം തിരികെ ശിവന്റെ വീട്ടിലെത്തി സ്മിതയുടേയും വത്സലയുടേയും മരണം ഉറപ്പാക്കിയ ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.