തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഇന്ന് പണിമുടക്ക് നടത്തുമ്പോള്‍ സര്‍ക്കാരിന് ഓശാന പാടി ഭരണാനുകൂല സംഘടനകള്‍.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഡി.എ കുടിശിക ആവശ്യപ്പെടുന്നത് ന്യായമാണോ എന്ന ക്യാപ്‌സൂളുമായി ശക്തമായ പ്രചരണമാണ് സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ നടത്തുന്നത്.

സെക്രട്ടേറിയേറ്റില്‍ ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പണിമുടക്ക് തള്ളികളയണമെന്ന നടത്തിയ പ്രചരണത്തിലാണ് ഡി.എ കുടിശിക ഈ സമയത്ത് ആവശ്യപ്പെടുന്നത് ന്യായമല്ല എന്ന ക്യാപ്‌സൂള്‍ ഇറക്കിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ സർവീസ് സംഘടനാംഗങ്ങള്‍

ലീവ് സറണ്ടര്‍, പേ റിവിഷന്‍ കുടിശിക തുടങ്ങിയ എല്ലാ അനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞ് വെച്ചതിനെ ന്യായീകരിക്കുന്ന ഭരണാനുകൂല സംഘടനകളുടെ നേതാക്കന്‍മാരുടെ നടപടിക്കെതിരെ അണികള്‍ രോഷത്തിലാണ്. പണിമുടക്കുന്ന ജീവനക്കാരുടെ പേര് പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കാനും സ്ഥല മാറ്റം അടക്കം ഉള്ള പ്രതികാര നടപടികള്‍ എടുക്കാനുമാണ് നീക്കം.

ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശിക 7973.50 കോടി, പെന്‍ഷന്‍കാര്‍ക്ക് 4722.63 കോടി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7973.50 കോടി രൂപ കുടിശിക ഡി.എ ഇനത്തില്‍ കൊടുക്കാനുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പെന്‍ഷന്‍കാര്‍ക്ക് കൊടുക്കാനുള്ള ഡി.എ കുടിശിക 4722.63 കോടി രൂപയാണ്.

ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കുടിശിക കണക്കുകളാണ് മലയാളം മീഡിയ പുറത്തുവിടുന്നത്. 2023 ഒക്ടോബര്‍ 31 വരെയുള്ള കുടിശികയാണിത്. നിലവില്‍ 6 ഗഡുക്കളാണ് ഡി.എ കുടിശിക.

ഫെബ്രുവരിയില്‍ കേന്ദ്രം വീണ്ടും ഡി.എ പ്രഖ്യാപിക്കുന്നതതോടെ ഡി.എ കുടിശിക 7 ഗഡുക്കളായി ഉയരും. പേ റിവിഷന്‍ കുടിശിക ഇനത്തില്‍ 4000 കോടി രൂപ ജീവനക്കാര്‍ക്കും പെന്‍ഷന്‍, ഡി.എ പരിഷ്‌കരണത്തിന്റെ കുടിശ്ശികയായി 2790 കോടി പെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുണ്ടെന്ന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു.

26226.32 കോടി രൂപയുടെ കുടിശിക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തടഞ്ഞ് വച്ചിരിക്കുകയാണ് രേഖ വ്യക്തമാക്കുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡി.എ കുടിശിക 7 ഗഡുക്കള്‍ ആകുന്നത്. 1 ലക്ഷം പെന്‍ഷന്‍കാരാണ് കുടിശിക ലഭിക്കാതെ മരണപ്പെട്ടത്.